KeralaNEWS

കോവിഡ് കണക്ക് റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്ച; കേരളത്തിന് കത്തയച്ച് കേന്ദ്രം

തിരുവനന്തപുരം: പ്രതിദിന കോവിഡ് കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളത്തിനു വീഴ്ച സംഭവിച്ചെന്നു കേന്ദ്രസർക്കാർ. സംസ്ഥാന ആരോഗ്യവകുപ്പിനു കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഏപ്രിൽ 13നു ശേഷം അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം കണക്കുകൾ സമർപ്പിച്ചതെന്നു കത്തിൽ പറയുന്നു.

ഇതു കേന്ദ്രത്തിന്റെ കോവിഡ് അവലോകനത്തെ ബാധിച്ചു. കണക്കുകൾ സമർപ്പിക്കുന്നതിൽ ഇടവേള വന്നതിനാൽ ഒറ്റദിവസം 90% കൂടുതൽ പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ടു ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 165% കൂടി. തിങ്കളാഴ്ച, 2183 പേർക്കാണ് രാജ്യത്ത് കോവിഡ‍് സ്ഥിരീകരിച്ചത്. ഇതിൽ 940 കേസുകളും കേരളത്തിലാണ്.

രാജ്യത്തു തിങ്കളാഴ്ച റിപ്പോർട്ടു ചെയ്ത 214 മരണങ്ങളിൽ 213ഉം കേരളത്തിലാണ്. ഏപ്രിൽ 14 മുതലുള്ള കണക്കുകൾ കേരളം ഒരുമിച്ച് സമർപ്പിക്കുകയായിരുന്നു. ഞായറാഴ്ച, 1150 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഇത് ഇരട്ടിയോളം ആയതിനെത്തുടർന്നാണ് കേരളത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയച്ചത്.

രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദഗങ്ങൾ സമയബന്ധിതമായി കണ്ടെത്താനും ദിവസേനയുള്ള കണക്കുകൾ അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. രോഗികളെ നിരീക്ഷിക്കുന്നതിനു മാത്രമല്ല, പുതിയ തന്ത്രങ്ങളും പദ്ധതികളും ആവിഷ്ക്കരിക്കുന്നതിനും ഇത് ആവശ്യമാണ്. ഇക്കാരണങ്ങളാൽ ദിവസേനയുള്ള കണക്കുകൾ നൽകണമെന്നു കത്തിൽ നിർദേശിക്കുന്നു.

കോവിഡ് കേസുകൾ കുറഞ്ഞതിനാൽ മാധ്യമങ്ങൾക്കു കോവിഡ് കണക്കുകൾ നൽകുന്നതു സർക്കാർ അവസാനിപ്പിച്ചിരുന്നു.

Back to top button
error: