NEWSWorld

പാക്കിസ്ഥാനിൽ ഊര്‍ജ പ്രതിസന്ധി രൂക്ഷം; പാക്കിസ്ഥാൻ ഇരുട്ടിലേക്ക്

ഇസ്‍ലാമാബാദ്: വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രയാസപ്പെടുന്ന പാക്കിസ്ഥാനിൽ ഊര്‍ജ പ്രതിസന്ധി രൂക്ഷമാകുന്നു. വിദേശനാണ്യ കരുതൽ ശേഖരം കമ്മിയായതോടെ, കൽക്കരിയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യാൻ ശേഷിയില്ലാതായി, വ്യവസായ ശാലകൾക്കും വീടുകൾക്കുമുള്ള വൈദ്യുതിവിഹിതം വെട്ടിക്കുറയ്ക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ആവശ്യത്തിന് കൽക്കരി സ്റ്റോക്കില്ലാത്തതിനാൽ ഗുരുതര പ്രതിസന്ധിയിലേക്കാണ് രാജ്യം കൂപ്പുകുത്തുന്നതെന്നാണു റിപ്പോർട്ട്.

യുക്രെയ്‌ൻ യുദ്ധവും, പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതോടെ ക്രൂഡ് ഓയിലിനു വില കൂടിയതും തിരിച്ചടിയായി. 9 മാസത്തിനിടെ പാക്കിസ്ഥാന്റെ ഊർജ ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. കഴിഞ്ഞ വർഷം കോവിഡ് മൂലം വഷളായ ആഗോള സാമ്പത്തിക മാന്ദ്യമാണു പാക്കിസ്ഥാനെയും പ്രതിസന്ധിയിലാക്കിയത്. 80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ. മണ്ണെണ്ണയുടെ 35 ശതമാനവും ഇറക്കുമതിയാണ്.

Signature-ad

ഡീസല്‍ നിലയങ്ങളില്‍ നിന്നാണ് വൈദ്യുതിയുടെ നല്ല പങ്കും വരുന്നത്. ആകെ 7,140 മെഗാവാട്ട് ശേഷി വരുന്ന 18 പവർ പ്ലാന്റുകളാണ് അടുത്തിടെ പാക്കിസ്ഥാനിൽ അടച്ചുപൂട്ടിയത്. ഊർജോൽപാദന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതായ‌തോടെ കൂടുതൽ സമയം പവർകട്ട് ഏർപ്പെടുത്താനാണ് സാധ്യത. ഇന്ത്യ, ചൈന, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്കാൾ രണ്ടിരട്ടിയാണു പാക്കിസ്ഥാനിലെ വൈദ്യുതി നിരക്ക്.

‌ഇന്ധനത്തിനടക്കം അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിനു കഴിഞ്ഞില്ല. പാക്ക് കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതു രാജ്യാന്തര വിപണിയിലെ വാങ്ങൽശേഷിയെ ദുർബലമാക്കി. ആഭ്യന്തരവിപണിയിലെ വ്യാപാരങ്ങൾ തകർന്നതും പ്രതിസന്ധി രൂക്ഷമാക്കി.

Back to top button
error: