KeralaNEWS

പാലക്കാട്ടെ ഇരട്ടക്കൊലപാതകം: പോലീസ് സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

 

വീണ്ടും വീണ്ടും ഒരു പോലീസ് സംവിധാനം സമാനതകളില്ലാത്തവണ്ണം നിഷ്‌ക്രിയമാകുന്നതിന് കേരളം സാക്ഷ്യം വഹിക്കുകയാണ്.

നാലുമാസത്തിനിടെ രണ്ടാം തവണയാണ്‌ കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ചുകൊണ്ട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രാഷ്ട്രീയക്കൊലപാതകങ്ങൾ ഇവിടെ അരങ്ങേറുന്നത്. ആലപ്പുഴയിലേത് 10 മണിക്കൂറിന്റെ ദൈർഘ്യത്തിൽ മാത്രം സംഭവിച്ചതാണെങ്കിൽ പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ട് ജീവനുകൾ ചോര വാർന്നു തെരുവിൽക്കിടന്ന് മരിച്ചത് 24 മണിക്കൂറിനിടെയാണ്.

ഓരോ രാഷ്ട്രീയക്കൊലപാതകങ്ങളും നാടിനെ നടുക്കുമ്പോഴും പോലീസ് സംവിധാനം ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന തുടർക്കൊലപാതകങ്ങളുണ്ട്. കഴിഞ്ഞ കുറെയേറെ നാളുകളായി നിഷ്‌ക്രിയരായി നോക്കിനിൽക്കുന്ന പോലീസും ഇന്റലിജൻസ് സംവിധാനവും അതിന് നേതൃത്വം നൽകുന്ന ആഭ്യന്തരവകുപ്പും തുടർക്കൊലപാതകങ്ങൾക്ക് വഴിയൊരുക്കി നൽകുകയാണ് ചെയ്യുന്നത്.

ഇന്റലിജൻസിന്റെ പരിപൂർണ വീഴ്ചയാണ് പാലക്കാട്ടും മുൻപ് ആലപ്പുഴയിലും സംഭവിച്ചത്. ഓരോ പ്രശ്നങ്ങൾ രൂപപ്പെടുമ്പോഴും സെൻസിറ്റീവ് ആയ പ്രദേശങ്ങൾ തിരിച്ചറിഞ്ഞ്, ഇവിടങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കി, അവിടെയുണ്ടാകുന്ന ഓരോ പുരോഗതികളും നിരീക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇന്റലിജൻസിനാണ്. മുൻകാലങ്ങളിൽ കുറ്റമറ്റ രീതിയിൽ ഇത്തരം മുൻകരുതലുകൾ സ്വീകരിച്ച് വിജയിച്ച ഇന്റലിജൻസ് സംവിധാനത്തിന്റെ കാര്യക്ഷമത സംസ്ഥാനം നേരിട്ടു കണ്ടിട്ടുള്ളതാണ്.

മുൻകരുതലുകൾ യഥാസമയം സ്വീകരിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണവിധേയമായി നിലനിർത്തേണ്ടതിന് പകരം പിണറായി വിജയൻ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പ് കഴിഞ്ഞ കുറെയേറെ നാളുകളായി പോലീസിനെ എങ്ങനെ നിർവീര്യമാക്കാം എന്ന ഗവേഷണത്തിലാണ്.

ഒരിക്കൽക്കൂടി കേരളത്തിലെ ആഭ്യന്തര മന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. ഈ നാട്ടിലെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് അങ്ങയുടെ ചുമതലയാണ്. ആ ജോലി ഇനിയെങ്കിലും കൃത്യമായി ചെയ്യുക. ചോര മണക്കുന്ന ദിനരാത്രങ്ങൾ പേടിച്ചുറങ്ങേണ്ടി വരുന്ന നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഓർക്കുക. അവരെയോർത്തെങ്കിലും അങ്ങയുടെ പദവിയോട് സ്വയം നീതി പുലർത്തുക.

Back to top button
error: