മണിക്കൂറോളം ടിവിയുടെ മുന്നിൽ സമയം ചെലവിടുന്നവരുണ്ട്. ചിലർ ഒരു സിനിമ കണ്ട് തീരുന്നത് വരെയും ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നവരുമുണ്ട്. ഒറ്റയടിയ്ക്ക് മണിക്കൂറോളം ഇരിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇടയ്ക്ക് പോലും എഴുന്നേൽക്കാതെ മണിക്കൂറോളം ടിവിയുടെയോ കമ്പ്യൂട്ടറിന്റെയോ മുന്നിലിരിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ദിവസത്തിൽ നാല് മണിക്കൂറിലധികം ഒറ്റയടിയ്ക്ക് ഇരിക്കുന്നത് മസ്തിഷ്ക ക്ഷയത്തിന് മാത്രമല്ല, കാലുകളിലോ ശ്വാസകോശത്തിലോ ജീവൻ അപകടപ്പെടുത്തുന്ന രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
ദീർഘനേരം ഇരിക്കുന്നത് വെനസ് ത്രോംബോബോളിസം വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സിരയിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. ഒരാൾ ദീർഘനേരം ഇരിക്കുമ്പോൾ കാലുകളിലൂടെയുള്ള സാധാരണ രക്തചംക്രമണം തകരാറിലാകുകയും മന്ദഗതിയിലാകുകയും അത് അടിഞ്ഞുകൂടാനും കട്ടപിടിക്കാനും സാധ്യതയുണ്ട്.
അധിക നേരം ടിവി കാണുക, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. കമ്പ്യൂട്ടറിന്റെ മുന്നിൽ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ ലഘുവ്യായാമങ്ങൾ ചെയ്യാൻ ശീലിക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.