NEWS

പാതയോരത്ത് അന്തിയുറക്കം; അധ്യാപകനായി ട്രാഫിക് പോലീസുകാരൻ

കൊല്‍ക്കത്ത ട്രാഫിക് പൊലീസിലെ ഉദ്യോ​ഗസ്ഥനായ പ്രകാശ് ഘോഷ് ഒരേസമയം പോലീസുകാരനും അധ്യാപകനുമാണ്.തന്റെ ഡ്യൂട്ടിക്കപ്പുറം  ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിൽ കൂടി സദാ ജാഗരൂകനാണ് അദ്ദേഹം.അതാകട്ടെ തെരുവിൽ അന്തിയുറങ്ങുന്ന ഒരു മൂന്നാം ക്ലാസുകാരന്റെയും.
സൗത്ത് കൊല്‍ക്കത്തയിലെ ബാലി​ഗഞ്ച് ഐടിഐക്ക് സമീപമാണ് പ്രകാശ് ഘോഷ് തന്റെ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നത്.ഇവിടെ വച്ചാണ് തൊട്ടടുത്തുള്ള ഭക്ഷണശാലയില്‍ ജോലി ചെയ്യുന്ന ആ അമ്മയെയും മകനെയും ഇദ്ദേഹം പരിചയപ്പെടുന്നത്.കുട്ടിയെ പഠിക്കാൻ വിടാതെ ഹോട്ടലിൽ ജോലിക്ക് നിർത്തിയതിനെ പറ്റി ആ അമ്മയോട് അദ്ദേഹം തിരക്കി.അപ്പോഴാണ് അദ്ദേഹത്തിന് കാര്യം വ്യക്തമായത്.പയ്യൻ മൂന്നാം ക്ലാസിൽ പഠിക്കുന്നുണ്ടായിരുന്നു.അതിനു ശേഷമായിരുന്നു ഹോട്ടലിലെ ജോലി.
സ്വന്തമായി വീടുപോലും ഇല്ലാത്ത ഇവര്‍ പാതവക്കിലാണ് അന്തിയുറങ്ങിയിരുന്നതും.
അതോടൊപ്പം മൂന്നാം ക്ലാസുകാരനായ മകന് പഠനത്തില്‍ വലിയ താത്പര്യമില്ലെന്നും അമ്മ പൊലീസ് ഉദ്യോ​ഗസ്ഥനോട് പറഞ്ഞു.അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.മകനെ പഠനത്തില്‍ സഹായിക്കാമെന്ന് അദ്ദേഹം അമ്മക്ക് വാ​ഗ്ദാനവും നൽകി. അങ്ങനെ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ പ്രകാശ് ഘോഷ് കുട്ടിയെ പഠനത്തില്‍ സഹായിക്കാനും തുടങ്ങി.ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയത്താണ് അദ്ദേഹം മൂന്നാം ക്ലാസുകാരനായ കുട്ടിയെ പഠിപ്പിക്കുന്നത്.
ഒരു പ്രാദേശിക ലേഖകന്‍ പകര്‍ത്തിയ അദ്ദേഹത്തിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.തന്റെ ഡ്യൂട്ടിക്കപ്പുറം പാവപ്പെട്ട ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് കൂടി കൈത്താങ്ങാകാന്‍ ഇദ്ദേഹം സമയം കണ്ടെത്തുന്നു എന്നതു തന്നെയായിരുന്നു അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും.

Back to top button
error: