CrimeNEWS

ആശുപത്രി വളപ്പില്‍ നിന്നും മരങ്ങള്‍ മുറിച്ചതില്‍ അന്വേഷണം എങ്ങുമെത്തിയില്ല, ജാമ്യവ്യവസ്ഥ പാലിക്കാതെ മുഖ്യപ്രതി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രി വളപ്പില്‍ നിന്നും മരങ്ങള്‍‍ മുറിച്ച് കടത്തിയ കേസില്‍ അന്വേഷണം എങ്ങും എത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ മുഖ്യപ്രതി പാലിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

കാസര്‍കോട് ജനറല്‍ ആശുപത്രി വളപ്പില്‍ നിന്നും നാല് തേക്കും മൂന്ന് വാകയും ഒരു പാഴ്മരവുമാണ് മുറിച്ച് കടത്തിയത്. ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്‍റെ പേരിലായിരുന്നു ടെന്‍ഡര്‍ നടപടികളൊന്നുമില്ലാതെ മരം മുറിച്ചത്. ആശുപത്രിയുടെ മുന്‍വശത്തുള്ള കൂറ്റന്‍ തേക്ക് മുറിക്കാനുള്ള ശ്രമവും നടന്നിരുന്നു. ശിഖരങ്ങള്‍ മുറിച്ച് തുടങ്ങിയപ്പോള്‍ പരാതി ഉയര്‍ന്നതോടെ മരം മുറി ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം രണ്ട് മാസമായിട്ടും എങ്ങും എത്തിയിട്ടില്ല. കേസിലെ മുഖ്യപ്രതിയായ നിര്‍മ്മാണ കരാറുകാരനെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുമെന്ന വ്യവസ്ഥയിലായിരുന്നു ഇയാള്‍‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇയാള്‍ ഇതുവരേയും ഹാജരാകാന്‍ തയ്യാറായിട്ടില്ല.

മരംമുറിയില്‍ ജീവനക്കാര്‍ക്കും ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസിപ്പോള്‍. മരങ്ങള്‍ മുറിച്ചയാളുകളേയും ഇതിന് ഏല്‍പ്പിച്ചവരേയും അന്വേഷണ സംഘം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതു അവധി ദിനങ്ങളില്‍ മരങ്ങള്‍ മുറിച്ച് മാറ്റിയ നടപടി വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണവും നടന്നു. വിജിലന്‍സ് ഡിവൈഎസ്പി വേണുഗോപാല്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടരന്വേഷണം തുടങ്ങിയിട്ടില്ല.

Back to top button
error: