കൊച്ചി: വൈപ്പിനിലെ നിർധനരായ 25 കുടുംബങ്ങൾ കുറച്ചു വർഷങ്ങളായി വിഷുനാളിൽ കണികണ്ടുണരുന്നത് ഒരു കിറ്റ് കണ്ടിട്ടാവും.വീട്ടിലേക്ക് അത്യാവശ്യം വേണ്ട പച്ചക്കറികൾക്കൊപ്പം പായസക്കിറ് റും കൈനീട്ടമായി 101രൂപയും അതിലുണ്ടാകും.ആരാണ് ഉമ്മറ വാതിലിൽ അത് കൊണ്ട് വച്ചിട്ട് പോയതെന്നു പോലും വീട്ടുകാര്‍ക്ക് അറിയത്തില്ലായിരുന്നു.പിന്നീട് പല വിഷുക്കാലത്തും ഇത് ആവർത്തിച്ചപ്പോൾ അവർ ആളെ കണ്ട് പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി നോബല്‍ കുമാറായിരുന്നു ഇതിന് പിന്നില്‍.വിഷുക്കാലത്ത് തന്‍റെ ജീവിതത്തിലുണ്ടായ ചില മോശം അനുഭവങ്ങള്‍ മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹമാണ് ഈ നീക്കത്തിന്റെ പിന്നിലെന്ന് നോബൽ പറയുന്നു.
ഒരു വിഷുവിന്റെ തലേ ദിവസം വീട്ടില്‍ സാധനങ്ങള്‍ ഒന്നുമില്ലായിരുന്നു. കടയിലേക്ക് പോകാന്‍ അമ്മ പറഞ്ഞതുകേട്ട് പോയി. സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു ശേഷം കടക്കാരന്‍ കണക്കുകൂട്ടി ഇത്ര രൂപ എന്നു പറഞ്ഞു. കയ്യില്‍ ഇരുന്ന പറ്റ് ബുക്ക് ഞാന്‍ അദ്ദേഹത്തിനു കൊടുത്തപ്പാടെ നേരെ അതെന്‍റെ മുഖത്തെറിഞ്ഞു. പത്ത് പൈസ തരാതെ ഒരു സാധനം പോലും തരില്ല എന്നും പറഞ്ഞു. ചെറിയ കുട്ടിയായ ഞാന്‍ കരഞ്ഞുകൊണ്ട് വീട്ടിലോട്ട് ഓടി. അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അമ്മ എന്നെ ചേര്‍ത്തു പിടിച്ചു. അന്ന് നമുക്ക് കൈനീട്ടം തരാനോ പടക്കം വാങ്ങിച്ച് തരാനോ ആരുമുണ്ടായിരുന്നില്ല-നോബൽ പറയുന്നു.