ന്യൂഡല്‍ഹി: രണ്ട് മാസമായി തുടരുന്ന യുക്രൈനിലെ റഷ്യന്‍ അധിനിവേശം പഠനവിധേയമാക്കാന്‍ ഇന്ത്യ. യുക്രൈനില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. യുദ്ധത്തിനായി റഷ്യ ചെലവഴിക്കുന്ന പണം, യുദ്ധതന്ത്രങ്ങളും അതിലെ പാളിച്ചകളും, റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ പ്രകടനം തുടങ്ങി നിരവധി കാര്യങ്ങളില്‍ വിലയിരുത്തലുകള്‍ നടത്താനാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിടുന്നത്. യുദ്ധത്തിനായി റഷ്യ ചെലവാകുന്ന വിലയതുകയാണെന്നാണ് വിലയിരുത്തല്‍. റഷ്യ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ടെണ്ണം നേടിയെടുക്കാന്‍ പുടിന് കഴിഞ്ഞെങ്കിലും ചെലവ് ഭീമമായിയിരുന്നു എന്നാണ് ഇന്ത്യന്‍ സേനയുടെ വിലയിരുത്തല്‍. ഇത് റഷ്യയെ ഉടനടിയല്ലെങ്കിലും പ്രതികൂലമായി ബാധിക്കും.
റഷ്യന്‍ അധിനിവേശം പുടിന്റെ പദ്ധതിയായിരുന്നു. എന്നാല്‍ യുദ്ധം ആരംഭിച്ച ശേഷം സൈന്യവുമായും സൈനിക നീക്കവുമായും ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയര്‍ന്നു. യുദ്ധത്തില്‍ നിരവധി റഷ്യന്‍ സൈനിക കമാന്‍ഡര്‍മാര്‍ മരിച്ചു. ഇക്കാരണത്താല്‍ തന്നെ പലപ്പോഴും കൃത്യമായ നിര്‍ദേശം നല്‍കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു, 15 കോര്‍പ്സ് മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ സുബ്രത സാഹ പറയുന്നു.
റഷ്യയുടെ അധിനിവേശം വളരെ ശക്തമായി മുന്നേറിയെന്ന് സുബ്രത സാഹ പറയുമ്പോള്‍ പേര് വെളിപ്പെടുത്താത്ത മുന്‍ സൈനിക മേധാവിയുടെ അഭിപ്രായം മറ്റൊന്നാണ്. റഷ്യയുടെ ആക്രമണത്തില്‍ തന്ത്രപരമായ പിശകകുകളുണ്ടെന്നാണ് അദ്ദേഹം പറുന്നത്. ഏത് രാജ്യമാണ് ടാങ്ക് ഓപ്പറേഷന് പോകുമ്പോള്‍ ബാക്കപ്പ് ഇല്ലാതെ പോകുകയെന്ന് അദ്ദേഹം ചോദിക്കുന്നു. റഷ്യ പ്രതീക്ഷിച്ചതിലും ഏറെ ശക്തമായ പ്രതിരോധമാണ് യുക്രൈന്‍ നടത്തിയത്.
രാത്രി ആക്രമണങ്ങളിലെ റഷ്യന്‍ വ്യോമസേനയുടെ മേധാവിത്വത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരുമെന്നാണ് യുദ്ധത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുകയെന്നും മുന്‍ സൈനിക മേധാവി പറയുന്നു. തുടക്കത്തില്‍ ഗോലിയാത്തും ദാവീദും തമ്മിലുള്ള യുദ്ധമെന്നായിരുന്നു വിശേഷണം. എന്നാല്‍ റഷ്യയുടെ പ്രഖ്യാപിത ലക്ഷ്യമായ കീവ് കീഴടക്കല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇവിടെനിന്ന് പിന്‍മാറിയ റഷ്യന്‍ സേനയുടെ നീക്കങ്ങള്‍ യുക്രൈന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസ് കേന്ദ്രീകരിച്ചായിരുന്നു.
യുദ്ധത്തില്‍ റഷ്യക്ക് 476 ടാങ്കുകളാണ് നഷ്ടമായതെന്നതും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടാങ്കുകളെ ആശ്രയിക്കുന്ന ഇന്ത്യക്ക് തങ്ങളുടെ തന്ത്രങ്ങള്‍ ഉള്‍പ്പെടെ പുനഃപരിശോധിക്കേണ്ടി വരും. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായ പല ആയുധശേഖരങ്ങളും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നിരിക്കെയാണ് ഈ മേഖലയില്‍ ഇന്ത്യക്ക് തന്ത്രങ്ങള്‍ സംബന്ധിച്ച് പരിശോധന വേണ്ടിവരിക.
യുദ്ധത്തിനായി വലിയ തുകയാണ് റഷ്യ ചെലവഴിക്കുന്നത്. ഇതിനൊപ്പം യൂറോപ്യന്‍ രാജ്യങ്ങളുടെ ഉപരോധവും കൂടിയാകുമ്പോള്‍ അത് റഷ്യയുടെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കും. ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം തന്നെയാണ് റഷ്യയുടെ പ്രധാന സാമ്പത്തിക ശ്രോതസ്സ്. 2019-2021 കാലഘട്ടത്തില്‍ ജര്‍മനി റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 9900 കോടി ഡോളറിന്റെ ക്രൂഡ് ഓയിലാണ്. ഇപ്പോള്‍ വര്‍ധിപ്പിച്ച എണ്ണവില ഏപ്രിലില്‍ മാത്രം 1000 കോടി ഡോളറിന്റെ വരുമാനം റഷ്യക്ക് നേടിക്കൊടുത്തിട്ടുണ്ട്.