തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തുന്ന സമരം തുടരും. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ബോര്‍ഡ് മാനേജ്‌മെന്റും അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ചയില്‍ സിഎംഡി ബി. അശോക് പങ്കെടുത്തിരുന്നില്ല. ബോര്‍ഡ് അംഗങ്ങളും സംഘടനാ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏകപക്ഷീയമായ സമീപനം മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് യോഗത്തിന് ശേഷം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാര്‍ പറഞ്ഞു.
ഏകപക്ഷീയമായാണ് ബോര്‍ഡ് മാനേജ്‌മെന്റ് നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് സുരേഷ് കുമാര്‍ ആരോപിച്ചു. ദുരൂഹമായ നടപടികളാണ് ബോര്‍ഡ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ കുറേ കാലമായി ജീവനക്കാരും ഓഫീസര്‍മാരും മാനേജ്‌മെന്റും വളരെ സൗഹാര്‍ദ്ദപരമായി നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനമാണിത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
തീരുമാനം ഉണ്ടയാലേ സമരം അവസാനിപ്പിക്കൂ എന്നും സുരേഷ് കുമാര്‍ പറഞ്ഞു. സ്ഥാപനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് മനസിലാക്കി പെരുമാറുന്നതിന് പകരം സ്ഥാപിത താല്പര്യം നടപ്പാക്കാനാണ് സിഎംഡി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ വേണമെങ്കില്‍ നടത്താം. ചര്‍ച്ചകളുമായി സഹകരിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ സംബന്ധിച്ച് വിവരം ഒന്നും അറിയില്ലെന്നും എം.ജി സുരേഷ് കുമാര്‍ പറഞ്ഞു.
ജാസ്മിന്‍ ഭാനുവിനെ സ്ഥലംമാറ്റിയതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് അംഗീകരിക്കുന്നില്ല. തിരിച്ച് തിരുവനന്തപുരത്ത് പോസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.