NEWS

ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി വച്ച് പിഴയില്‍നിന്നു രക്ഷപ്പെടാമെന്ന് കരുതരുത്; ഇന്ന് കണ്ട സ്ഥാനത്തായിരിക്കില്ല നാളെ ക്യാമറകൾ

കേരളത്തിലെ നിരത്തുകളിൽ കൂടി ഇനി ക്യാമറയെ വെട്ടിച്ച് സഞ്ചരിക്കാമെന്ന് ആരും കരുതേണ്ട.നിങ്ങൾ ക്യാമറയിലേക്ക് ചെന്നില്ലെങ്കിൽ ക്യാമറ നിങ്ങളെ തേടി വരും.നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ എന്നും ഒരേ സ്ഥലത്തു തന്നെയാകുമെന്ന് ആരും കരുതരുത്.സ്ഥലംമാറ്റാന്‍ കഴിയുന്നവിധത്തിലാണ് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ളത്.കേബിളുകള്‍ക്കു പകരം മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് ക്യാമറകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്.സൗരോര്‍ജത്തിൽ പ്രവർത്തിക്കുന്ന ഇവ പെട്ടെന്ന് മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളിലാണ് ഒരുക്കിയിട്ടുള്ളതും.
 ഗതാഗത ക്രമീകരണങ്ങള്‍ക്കനുസരിച്ച്‌ ക്യാമറകള്‍ മാറ്റാനാകും.ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്നു രക്ഷപ്പെടുക അത്ര എളുപ്പമാകില്ല എന്നർത്ഥം! അപകടമേഖലകള്‍ (ബ്ലാക്ക് സ്‌പോട്ടുകള്‍) മാറുന്നതനുസരിച്ച്‌ ക്യാമറകള്‍ പുനര്‍വിന്യസിക്കാം. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന 725 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 200 മീറ്റര്‍ ദൂരെനിന്നുള്ള നിയമലംഘനങ്ങള്‍ സ്വയം കണ്ടെത്തി പിഴ ചുമത്താന്‍ ത്രീഡി ഡോപ്ലര്‍ ക്യാമറകള്‍ക്കു കഴിയും.

സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ക്യാമറകള്‍ സ്വയം കണ്ടെത്തും. അമിതവേഗം, സിഗ്‌നല്‍ ലൈറ്റ് ലംഘനം എന്നിവ പിടികൂടാനും ക്യാമറകളുണ്ട്. നമ്ബര്‍ ബോര്‍ഡ് സ്‌കാന്‍ ചെയ്ത് വാഹന്‍ വെബ്സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനവുമുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ അക്കാര്യം ക്യാമറതന്നെ കണ്ടെത്തും.ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, രജിസ്‌ട്രേഷന്‍ എന്നിവയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങിയാലും ക്യാമറകൾ കണ്ടെത്തും.

Back to top button
error: