NEWS

മൊബൈൽ ഫോൺ കൈയ്യിലുണ്ടെന്നു കരുതി എന്തും ആകാമെന്ന് കരുതരുത്;പിടി വീഴും

ന്നത്തെ ആധുനിക ലോകത്ത് തെരുവുകൾ നിരീക്ഷണ ക്യാമറകളാൽ നിറഞ്ഞിരിക്കുകയും, ഓരോ വ്യക്തിയുടെയും കൈകളിലുള്ള സ്മാര്‍ട്ട്‌ ഫോണുകൾ വഴി അന്യർ എപ്പോഴും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുക എന്നത് അല്ലെങ്കിൽ തന്നെ നമ്മുടെ ഒരു ഇഷ്ടവിനോദമാണല്ലോ! ഇന്ന് പൊതുസ്ഥലത്ത് നടക്കുന്ന ഏതൊരു സംഭവവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാന്‍ അധികം സമയമൊന്നും വേണ്ട.ഇത് കാരണം ജീവനൊടുക്കേണ്ടി വന്നവരും ജീവൻ തിരിച്ചുകിട്ടിയവരും ധാരാളം.അപകടസമയത്തും മറ്റും ഇത് ഗുണകരമാണ്.എന്നാൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിച്ച വ്യാജവാർത്തകളുടെ പേരിൽ എത്രയോ പേർക്ക് ജീവനൊടുക്കേണ്ടി വന്നിട്ടുണ്ട്.

കോവിഡ്-19 വ്യാപനം പോലെ സമൂഹത്തിൽ അതിവേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മഹാമാരിയാണ് വ്യാജ വാർത്തകൾ. കൊറോണയുടെ ഉറവിടം ഇന്നും വൈദ്യശാസ്ത്രജ്ഞൻമാർക്ക്  അജ്ഞാതമാണ് എങ്കിൽ    വ്യാജവാർത്തകളുടെ ഉറവിടം മുഖ്യമായും സമൂഹമാധ്യമമാണ്.പത്രാധിപരില്ലാത്ത വർത്തമാനപത്രത്തെപ്പറ്റി ചിന്തിച്ചുനോക്കൂ.അതാണ് സമൂഹമാധ്യമം.ആര് എന്തെഴുതുന്നു എന്ന് നോക്കാൻ ആരുമില്ല.കള്ളം പ്രചരിപ്പിച്ചാൽ ആരും ചോദിക്കാനില്ല. വ്യക്തിഹത്യ നടത്തിയാൽ ശിക്ഷ കിട്ടുമെന്ന പേടി വേണ്ട.ചുരുക്കത്തിൽ  ഒരു നാഥനില്ലാ കളരി.അല്ലേ..?
സമൂഹമാധ്യമം വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നത് മറ്റെല്ലാ രാജ്യങ്ങളിലും എന്നപോലെ ഇന്ത്യയിലും ഒരു ഗുരുതര പ്രശ്നമായി മാറിക്കഴിഞ്ഞു.ഇതിന്റെ മുഖ്യ കാരണം രാജ്യത്തെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ  അടുത്തകാലത്ത് ഉണ്ടായിരിക്കുന്ന ഭീമമായ വർധനയാണ്.അതിലുപരി ഇതിനെക്കുറിച്ച് പലർക്കും കാര്യമായ അറിവില്ല എന്നതാണ് സത്യം.ഡ്രൈവിംഗ് അറിയാം.പക്ഷെ ക്ലച്ചും ബ്രേക്കും തിരിച്ചറിയില്ല എന്ന് അവസ്ഥ!

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.വാട്സാപ്പിന് ഏകദേശം 60 കോടി ഉപഭോക്താക്കൾ ഇന്ത്യയിലുണ്ട്.അതിനാൽ ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതും വാട്സാപ്പ് വഴിയാണ്.വാട്സാപ്പ് വഴി വരുന്ന എന്തും വിശ്വസിക്കുന്നതും അത് മുന്നും പിന്നും നോക്കാതെ ഷെയർ ചെയ്യുന്നതും ബഹുഭൂരിപക്ഷം ആളുകളുടെയും  പ്രവണതയാണ്.അണുശക്തിയെപ്പോലെയാണ് സമൂഹമാധ്യമം.ഒരേസമയം ഗുണകരവും അപകടകരവും.നല്ല രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഒരു ജനാധിപത്യത്തിൽ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഉപകരണം എന്ന നിലയിൽ സമൂഹമാധ്യമം വലിയ പങ്കു വഹിക്കുന്നു. ഭരണാധികാരികളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും സാമൂഹ്യ മാധമങ്ങളിലൂടെ വളരെ പെട്ടെന്ന് അറിയാൻ കഴിയുന്നു. കുറ്റാന്വേഷണത്തിനു വാട്സാപ്പ് പോലുള്ള സാമൂഹ്യ മാധ്യമ ഉപകരണങ്ങൾ വളരെ സഹായകമാണ്.എന്നാൽ കുറ്റകൃത്യങ്ങൾക്കുവേണ്ടി  നിഷ്പ്രയാസം ദുരുപയോഗം ചെയ്യാൻ സാധിക്കുന്നു എന്നതാണ് സാമൂഹ്യമാധ്യമത്തിന്റെ മറുവശം.വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനും, വ്യക്തിഹത്യ നടത്തുന്നതിനും സാമുദായിക സ്പർദ്ധ വർധിപ്പിക്കുന്നതിനും സമൂഹ  മാധ്യമങ്ങളിലൂടെ അനായാസം സാധിക്കുന്നു.

 

അതേപോലെ ജീവിച്ചിരിക്കുന്നവരെ വെറുതെ `കൊല്ലുക’ എന്നത്  സമൂഹമാധ്യമങ്ങളിൽ ചിലരുടെ വിനോദമാണ്.മലയാള സിനിമ നടന്മാരായ മധുവും ഇന്നസന്റും ജഗതി ശ്രീകുമാറും വിജയരാഘവനും സലിംകുമാറും ശ്രീനിവാസനുമൊക്കെ ഇത്തരം ‘വെർച്വൽ’ മരണത്തിനു ഇരയായവരാണ്.അവരിൽ പലർക്കും പത്രമാഫീസുകളിൽ വിളിച്ചു തങ്ങളുടെ `മരണ വാർത്ത’  സ്വയം നിഷേധിക്കേണ്ടതായും വന്നിട്ടുണ്ട്.

 

സമൂഹമാധ്യമ പ്ലാറ്റുഫോമുകളിൽ  പ്രമുഖ വ്യക്തികളുടെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുക എന്നതാണ് മറ്റു ചിലരുടെ വിനോദം.ചന്ദ്രയാൻ – 2ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി എന്ന സന്ദേശം ഐ എസ് ആർ ഓ ചെയർമാൻ ഡോ. കെ.ശിവന്റെ വ്യാജ ട്വിറ്റെർ പ്രൊഫൈലിൽ  പ്രചരിക്കുകയുണ്ടായി.എന്നാൽ തനിക്കു  ട്വിറ്ററിലോ മറ്റു സമൂഹമാധ്യമങ്ങളിലോ അക്കൗണ്ട് ഇല്ല എന്ന് അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വന്നു.

 

കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്ന വിജയ് സാകറേയുടെ ഉൾപ്പടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും മുതലെടുപ്പ് നടത്തുകയും ചെയ്തവരുണ്ട്.എന്തിനേറെ ഈ അടുത്തകാലത്ത് ഡിജിപിയുടെ പേരിൽ പോലും!

 

ഇന്ത്യയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിലവിലുള്ള നിയമങ്ങളിൽ തന്നെ ശക്തമായ വകുപ്പുകളുണ്ട്.ഇന്ത്യൻ പീനൽ കോഡ്, ഐ ടി ആക്ട്, ഡിസാസ്റ്റർ മാനേജ്മന്റ് ആക്ട്, എപ്പിഡെമിക് ഡിസീസ് ആക്ട്  തുടങ്ങിയവ ഇതിൽ പെടുന്നു.സാമൂഹ്യ സ്പർദ്ധ വളർത്തുന്ന വ്യാജ വാർത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നവർക്ക് 6 വർഷം വരെ തടവോ പിഴയോ നൽകുന്നതിനുള്ള വകുപ്പ് ഇന്ത്യൻ പീനൽ കോഡിലുണ്ട്.

 

ആരെങ്കിലും നിങ്ങളെ വാട്സാപ്പിലൂടെ അല്ലെങ്കിൽ നിങ്ങൾ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലോ മറ്റോ അപമാനിക്കുന്നതിനോ, വ്യക്തിഹത്യ ചെയ്യുന്നതിനോ, നിയമവിരുദ്ധമായതോ, അശ്ലീലഭാഷ ഉപയോഗിച്ചോ, അശ്ലീലമായതോ ആയ കാര്യങ്ങൾ ‍ ചെയ്യുകയാണെങ്കിൽ‍ വാട്ട്സാപ്പ് ഗ്രീവൻസ് ഓഫീസർക്ക് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.വാട്ട്സാപ്പ് ഗ്രീവന്‍സ് ഓഫീസർക്ക് വാട്ട്സാപ്പ്ലൂടെ തന്നെ പരാതി നൽകുകയും ആകാം.
പരാതി നൽകാനായി വാട്ട്സാപ്പിന്റെ സെറ്റിംഗ്സ് – ഹെല്‍പ്പ് – കോൺടാക്ട്- ലിങ്കിൽ ‍പരാതി എഴുതി നൽകാൻ സാധിക്കും.പരാതിയോടൊപ്പം സ്ക്രീൻ ഷോട്ടുകളും തെളിവിനായി കൂട്ടിച്ചേർക്കാവുന്നതാണ്. അപ്രകാരം ചെയ്യുന്നതോടുകൂടി പരാതി രജിസ്റ്റർ ആകുന്നു. ഇ-മെയില്‍ വഴി പരാതി നല്‍കാനും അവസരം ഉണ്ട്.
ഗ്രീവന്‍സ് ഓഫീസര്‍
എന്ന ഇ-മെയില്‍ വിലാസത്തിലാണ് പരാതി ചെയ്യേണ്ടത്.
പരാതി പോസ്റ്റുവഴി നല്കുന്നതിന് താഴെ പറയുന്ന വിലാസത്തിൽ ‍ തപാലായി അയക്കണം.വാട്സാപ്പ് ലിങ്ക് അറ്റൻഷൻ‍ ഗ്രീവന്‍സ് ഓഫീസർ ‍ 1601 വില്ലോ റോഡ്, മെന്‍ലോ പാർക്ക് കാലിഫോർ‍ണിയ 94025 യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക.( WhatsApp Iinc. Attention: Grievance Officer, 1601 Willow Road, Menlo Park, California 94025, United States of America) എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

Back to top button
error: