NEWS

വിഷു: അറിയേണ്ടതെല്ലാം

ണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു.മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.
വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം.അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.
വിഷുക്കണി
വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. ഓട്ടുരുളയിലാണ് വിഷുക്കണി ഒരുക്കുന്നത്.
വിഷുക്കണിക്കാവശ്യമായ സാധനങ്ങള്‍
  • അരി, നെല്ല്

 

  • അലക്കിയ മുണ്ട്
   • സ്വര്‍ണം
   • വാൽക്കണ്ണാടി
   • കണിവെള്ളരി
   • കണിക്കൊന്ന
   • വെറ്റില, അടക്ക
   • കണ്മഷി, ചാന്ത്, സിന്ദൂരം

 

  • കിഴക്കോട് തിരിയിട്ട് കത്തിച്ച നിലവിളക്ക്

 

   • നാളികേരപാതി

 

  • ശ്രീകൃഷ്ണൻ്റെ വിഗ്രഹം

 

വിഷുക്കൈനീട്ടം

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങള്‍ക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം.  വര്‍ഷം മുഴുവൻ സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ എന്ന അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.

 

വിഷുഫലം

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്.വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്.അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.

 

വിഷു പക്ഷി

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ചൈനയുടെ വടക്കെ ഭാഗം, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം പക്ഷിയാണ് വിഷുപ്പക്ഷി . (ഇംഗ്ലീഷ്:Indian Cuckoo). ഇതിന്റെ ശാസ്ത്രീയനാമം Cuculus micropterus എന്നാണ്. ചക്കയ്ക്കുപ്പുണ്ടോ കുയിൽ, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു. പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലവും ഇതുതന്നെയാണ് (മേടം-ഇടവം/ഏപ്രിൽ-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്.

 

വിഷു പാട്ട്

 

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
(കണികാണും… )

മലർമാതിൻ കാന്തൻ വസുദേവാത്മജൻ
പുലർക്കാലേ പാടിക്കുഴലൂതി
ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ  കണികാണാൻ
(മലർമാതിൻ… )

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍
അടുത്തു വാ ഉണ്ണി കണി കാണാന്‍
(ശിശുക്കളായുള്ള… )

ബാലസ്ത്രീകടെ തുകിലും വാരി
ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ –
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണാ  കണി കാണാൻ

എതിരെ ഗോവിന്ദനരികേ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ
മന്ദസ്മിതവും തൂകി വാ കണി കാണാൻ

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ….

ആലപ്പുഴയിലെ വെണ്മണി ശാര്ങ്ങകാവിലെ വിഷു മഹോല്‍സവം കേരളക്കരയിലെ തന്നെ ഏറ്റവും വലിയ വിഷു മഹോല്‍സവമാണ്.വിവിധ കരക്കാര്‍ അച്ചന്‍കോവില്‍ ആറിന് കരയില്‍ കെട്ടുകാഴ്ചകള്‍ ഒരുക്കി സ്വയംഭൂ ആയ ദേവിയുടെ വിഷു കൊണ്ടാടുന്നു.അടുത്ത നാള്‍ ഈ നാടിന്‍റെ കാര്‍ഷിക ഉത്സവം നടക്കുന്നു.വിത്തും കാര്‍ഷിക ഉല്പന്നങ്ങളും, ഉപകരണങ്ങളും ഇവിടെ വിപണനം ചെയ്യുന്നു.ഒരു നാട് മുഴുവന്‍ കൃഷിയെ സ്നേഹിക്കുന്ന കാഴ്ച്ച ഇവിടെ കാണാം.വിത്തും കൈക്കോട്ടും പാടി ഉണരുന്ന വിഷു നാളുകളിൽ വിഷു പക്ഷിയും പാടി തുടങ്ങുന്നു.

 

 

വരമ്പുകളില്‍ പൂത്ത വയല്‍പ്പൂക്കള്‍ക്ക്‌ മേലെ കര്‍ഷകന്‍റെ പാട്ടിന്‍റെ ശീലുകള്‍ ഉണര്‍ന്നു പൊങ്ങുന്ന മേടത്തിന്  സ്വര്‍ണ്ണ വര്‍ണ്ണം നല്‍കി കണിക്കൊന്നകള്‍ നാടാകെ പൂക്കുന്ന വിഷുക്കാലം. കാര്‍ഷിക പെരുമയുടെ  തുടക്കം കുറിക്കുന്ന സമയം കൂടിയാണിത്. വയലൊരുക്കി ഒരു പുതിയ കാര്‍ഷിക  വര്‍ഷത്തിന്‍റെ തുടക്കം കുറിക്കാന്‍ നാടൊരുങ്ങുന്ന നല്ല നാളുകള്‍. അതാണ് വിഷുക്കാലം…!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: