തൃശൂര്‍: ഇന്ന് രാവിലെ ഒന്‍പതരയോടെ വെള്ളിക്കുളങ്ങരയ്ക്കടുത്ത് ഇഞ്ചക്കുണ്ടിൽ റോഡരികിലിട്ട് മകന്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. കുട്ടനും (60) ഭാര്യ ചന്ദ്രികയുമാണ് (55) മരിച്ചത്. കൃത്യത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ അനീഷിനായി (30) പൊലീസ് തെരച്ചില്‍ ഊർജിതമാക്കി.
അമ്മ ചന്ദ്രികയുടെ മുഖം വെട്ടേറ്റു തിരിച്ചറിയാനാകാത്ത നിലയിലായി. മകന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ റോഡിലേക്ക് ഓടിയ ഇവരെ പിന്തുടർന്നെത്തി അനീഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വീടിന് വെളിയില്‍ പുല്ലു ചെത്തുകയായിരുന്നു കുട്ടനും ഭാര്യയും. ഈസമയത്ത് വെട്ടുകത്തിയുമായി വന്ന അനീഷ് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
സംഭവ ശേഷം വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അനീഷ് തന്നെയാണ് കൊലപാതകവിവരം അറിയിച്ചത്. അതിനിടെ സംഭവം കണ്ട വഴിയാത്രക്കാരും പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്നും ബൈക്ക് എടുത്ത് അനീഷ് രക്ഷപ്പെടുകയും ചെയ്തു.