NEWS

‘എന്റെ പേര് സ്റ്റാലിന്‍. എല്ലാറ്റിനുമപ്പുറം എന്റെ പേര്‌ സ്റ്റാലിന്‍ എന്നാണ്‌’, കണ്ണൂരിൽ താരമായി തമിഴ്നാട് മുഖ്യമന്ത്രി

കണ്ണൂര്‍: ‘എന്റെ പേര് സ്റ്റാലിന്‍. എല്ലാറ്റിനുമപ്പുറം എന്റെ പേര്‌ സ്റ്റാലിന്‍ എന്നാണ്‌.നിങ്ങളും ഞാനുമായുള്ള ബന്ധത്തെക്കുറിച്ച്‌ പറയാന്‍ അതിനെക്കാള്‍ നല്ല മറ്റൊരു വാക്കുമില്ല’, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഈ വാക്കുകളാണ് ഇന്ന് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. സൈബര്‍ സഖാക്കള്‍ക്കും അണികള്‍ക്കുമൊപ്പം സി.പി.എം നേതാക്കള്‍ വരെ സ്റ്റാലിന്റെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. സമ്മേളന ഹാളിന് പുറത്ത് സ്റ്റാലിന്‍ ആയിരുന്നു താരമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്കും തുറന്നു സമ്മതിക്കുന്നു.

പിണറായി ഇന്ത്യയിലെ ഉരുക്കുമനുഷ്യരില്‍ ഒരാളെന്ന് കണ്ണൂരില്‍ തടിച്ചു കൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ നിന്നുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞപ്പോള്‍ ചുറ്റിനും കരഘോഷമായിരുന്നു ഉയര്‍ന്നത്. കടകംപള്ളി സുരേന്ദ്രന്‍, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കളെല്ലാം സ്റ്റാലിന്റെ വരവ് ആഘോഷമാക്കി.

 

 

കണ്ണൂരില്‍ ആവേശത്തിര ഉയര്‍ത്തിയാണ്‌ പിണറായിക്കൊപ്പം സ്‌റ്റാലിന്‍ വേദി പങ്കിട്ടത്‌. ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയ സ്റ്റാലിന്‍, കേരളവും ഇടതുപക്ഷവും നയിക്കുന്നത്‌ ബദല്‍മാതൃകയാണെന്ന്‌ ഊന്നിപ്പറഞ്ഞു. കണ്ണൂര്‍ ത്യാഗത്തിന്റെ ഭൂമിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

‘കേരളവും തമിഴ്‌നാടും തമ്മില്‍ സംഘകാലം മുതല്‍ ബന്ധമുണ്ട്‌. ഞാന്‍ ഒരു മുഖ്യമന്ത്രിയായോ രാഷ്‌ട്രീയ നേതാവായോ അല്ല ഇവിടെ പങ്കെടുക്കുന്നത്‌. നിങ്ങളില്‍ ഒരാളായാണ്‌. പിണറായി വിജയന്‍ മതനിരപേക്ഷതയുടെ മുഖമാണ്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി.ഭരണത്തില്‍ അദ്ദേഹം തനിക്ക് വഴികാട്ടിയാണ്.ഒരു കൈയില്‍ പോരാട്ടവും മറുകൈയില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസവും മുറുകെപ്പിടിച്ചാണ്‌ അദ്ദേഹത്തിന്റെ ഭരണം’, സ്റ്റാലിന്‍ പറഞ്ഞു.

Back to top button
error: