കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത്. നടന് ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തില്‍ പറയുന്നു. 2017 ല്‍ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്കാന് സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നല്‍കിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലി ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്.
രേഖകള്‍ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടര്‍ പറയുമ്പോള്‍ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നല്കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്കുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കുമെന്നും ഡോക്ടര്‍ വക്കീല്‍ പഠിപ്പിക്കുന്നതപോലെ പറഞ്ഞാല്‍ മതിയെന്നും സംഭാഷണത്തിലുണ്ട്. പ്രോസിക്യൂഷന് സാക്ഷിയായ ഡോക്ടര്‍ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.
അതിനിടെ, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ മൂന്ന് അഭിഭാഷകര്‍ക്ക് കേരള ബാര്‍ കൗസില്‍ നോട്ടീസ് നല്കി. അതിജീവിത നല്കി പരാതിയിലാണ് നടപടി. സീനിയര്‍ അഭിഭാഷകനായ ബി രാമന് പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മോനോന് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നടിയുടെ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസില്‍ 20 സാക്ഷികളെ അഭിഭാഷകന് ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.
ദിലീപുള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതിയായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്ത്. ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ഐമാകും ലാപ്ടോപും ദിലീപിന്റെ അഭിഭിഷാകരുടെ കസ്റ്റഡിയിലാണെന്നാണ് സായ് ശങ്കറിന്റെ മൊഴി. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് സംഘം താമസിയാതെ അഭിഭാഷകരെ ചോദ്യം ചെയ്ത് ഇവ കസ്റ്റഡിയിലെടുക്കും. ഇതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സായ് ശങ്കറിന് അന്വേഷണ സംഘം നോട്ടീസ് നല്കി.
തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. ദിലീപ് അടക്കമുള്ള പ്രതികളോട് ജനുവരി 31 ന് രജിസ്ട്രിക്ക് ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തലേദിവസം കൊച്ചിയിലെ മൂന്നിടങ്ങളില്‍ വെച്ച് ദിലീപിന്റെ രണ്ട് മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. ഇതിന് ഉപയോഗിച്ചത് സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ഭാര്യയുടെ പേരിലുള്ള ഐമാക്കാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സായ് ശങ്കറിന്റെ കോഴിക്കോട്ടെ വസതിയില്‍ നിന്ന് ഈ ഐമാക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്നാല്‍ ഇന്നലെ കൊച്ചിയില്‍ കീഴടങ്ങിയ ശേഷം സായ് ശങ്കര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത് തന്റെ കൈവശം മറ്റൊരു ഐമാകും ലാപ്ടോപും ഉണ്ടെന്നാണ്. ദീലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂടുതലായി ഉപയോഗിച്ചത് ഇവ രണ്ടുമാണ്. എന്നാല്‍ ഇത് രണ്ടും ഇപ്പോള്‍ ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസിന്റെ കസ്റ്റിയിലാണെന്നാണ് സായ് ശങ്കറിന്റെ മൊഴി.
പൊലീസിന്റെ അറസ്റ്റ് ഭയന്ന് ഒളിവില കഴിയവേ, അഡ്വ ഫിലിപ്പ് ടി വര്‍ഗീസ് തന്നെ വിളിച്ചുവെന്ന് സായ് ശങ്കര്‍ പറയുന്നു. താന്‍ പിടിക്കപ്പെട്ടാല്‍ ഈ കംപ്യൂട്ടറുകളും ക്രൈബ്രാഞ്ചിന്റെ കൈവശമാകും. ഇത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് ഫിലിപ്പ് മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് തന്റെ കൈയില്‍ നിന്ന് ഫിലിപ്പ് വാങ്ങി ബി രാമന് പിള്ളയുടെ ഓഫീസില്‍ എത്തിക്കുകയായിരന്നുവെന്ന് സായ് പറയുന്നു. ഇതിനിടെ ഈ മാസം 19 ന് സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്കി. എന്നാല്‍ ഇത്പ പ്രായോഗികമല്ലെന്ന് ക്രൈബ്രാഞ്ച് പറയുന്നു. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിശ്ചയിച്ചിരക്കുന്ന സമയപരിധി ഈ മാസം 15 ആണ്.ഈ സാഹചര്യത്തില്‍ എത്രയും വേഗം മൊഴിയെടുക്കുന്നതിന് അനുമതി തേടി കോടതിയെ സമീപിക്കും.