KeralaNEWS

ശ്രീനാരായണ ധര്‍മ്മസംഘം പുതിയ ഉണർവ്വിലേയ്ക്ക്, സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കും

ശിവഗിരി ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പൊതുയോഗം ക്രീയാത്മകമായ ചുവടുവയ്പുകളിലേക്ക്. ധര്‍മ്മസംഘത്തിന് ശാഖാസ്ഥാപനങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍ ഭക്തജന സഹകരണത്തോടെ ശാഖകള്‍ സ്ഥാപിക്കും. ഭക്തര്‍ക്ക് ഭൂമിയോ ക്ഷേത്രങ്ങളോ മറ്റ് സ്ഥാപനങ്ങളോ ശിവഗിരി മഠത്തിന് സമര്‍പ്പിക്കാവുന്നതാണ്. ശിവഗിരിയുടെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണസഭയുടെ യൂണിറ്റുകളും മണ്ഡലം കമ്മിറ്റികളും പുന: സംഘടിപ്പിച്ച് പ്രവര്‍ത്തനം സജീവവും വ്യാപകമാക്കും.

ശിവഗിരി മാസികയുടെ ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ നവീകരിച്ച് കൂടുതല്‍ വരിക്കാരിലെത്തിക്കും. മഠം പ്രസിദ്ധീകരണ വിഭാഗം വിപുലപ്പെടുത്തും.

ശാഖാസ്ഥാപനങ്ങളായ ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം ക്ഷേത്രവും മഠവും, ആലുവാ അദ്വൈതാശ്രമം, ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രി, കാഞ്ചീപുരം സൗജന്യ ആയൂര്‍വേദ ആശുപത്രി, വിവിധ സ്ഥലങ്ങളിലുള്ള സീനിയര്‍ സെക്കന്‍ററി സ്കൂളുകള്‍, ശിവഗിരി ഹൈസ്കൂള്‍ തുടങ്ങി ധര്‍മ്മസംഘം വക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുകയും ഗുരുധര്‍മ്മപ്രചരണാര്‍ത്ഥം
വികസിപ്പിക്കുകയും ചെയ്യും.

ജീവകാരുണ്യ സാമൂഹിക ക്ഷേമ പദ്ധതിയ്ക്കും പുതിയ ബഡ്ജറ്റില്‍ തുക കൊള്ളിച്ചിട്ടുണ്ട്. നിലവിലുള്ള ഗോശാല വിപുലീകരിക്കുന്നതിനൊപ്പം കൂടുതല്‍ പശുക്കളെ സംരക്ഷിച്ച്
പരിപോഷിപ്പിക്കുകയും ശിവഗിരിയില്‍ നിലവിലുള്ളതുപോലെ മറ്റ് ആശ്രമ ശാഖകളിലും ജൈവകൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

2022-2023 സാമ്പത്തിക വര്‍ഷത്തേയ്ക്ക് 128 കോടി 23 ലക്ഷം രൂപാ വരവും 127 കോടി 92 ലക്ഷം രൂപ ചെലവും 31 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ട്രസ്റ്റ് പൊതുയോഗം ഐകകണ്ഠേന പാസ്സാക്കി.

ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാ
നന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
യോഗത്തില്‍ ട്രസ്റ്റിലെ 43 സന്ന്യാസിമാര്‍ പങ്കെടുത്തു.

ട്രസ്റ്റ് വിശേഷാല്‍ ബോര്‍ഡ് തീരുമാന പ്രകാരം പുതുതായി ട്രസ്റ്റില്‍ അംഗത്വം നല്‍കിയ ദേവാത്മാ നന്ദ സരസ്വതി സ്വാമി, ഗുരുകൃപാനന്ദ സ്വാമി, ഗുരുപ്രഭാനന്ദ സ്വാമി, ജ്ഞാനതീര്‍ത്ഥ സ്വാമി, ഗുരുപ്രകാശം സ്വാമി, ശങ്കരാനന്ദ സ്വാമി എന്നിവരുടെ അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു.

ബ്രഹ്മവിദ്യാലയ കനക ജൂബിലിയും, ശിവഗിരി തീര്‍ത്ഥാടന നവതിയും, ഒരു വര്‍ഷക്കാലം രാജ്യത്തിനകത്തും വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്നതിനും ബ്രഹ്മവിദ്യാലയ വികസനത്തിനായി അഞ്ചു കോടി വിനിയോഗിക്കുവാനും നിലവിലെ ഏഴ് വര്‍ഷ കോഴ്സ് നിലനിര്‍ത്തുന്ന
തോടൊപ്പം തന്നെ ഗുരുധര്‍മ്മ പ്രചരണാര്‍ത്ഥം ഹ്രസ്വകാല കോഴ്സുകളും നടത്തുവാന്‍ തീരുമാനമായി.
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി പ്രത്യേക
വേദാന്ത ഗുരുദര്‍ശന പഠന ശിബിരവും നടത്തും.
ബ്രഹ്മവിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്കും ത്യാഗപൂര്‍വ്വവും
ദീര്‍ഘകാലമായി സേവനം ചെയ്തു വരുന്നവര്‍ക്കും ചിത്രാപൗര്‍ണ്ണമി ദിനത്തില്‍ സന്ന്യാസം നല്‍കുവാനും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പൊതുയോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: