ഗാന്ധിഭവനിലെ അഗതികളെ തേടി വീണ്ടും എം.എ യൂസഫലിയുടെ കാരുണ്യസ്പര്‍ശം
സഹായമായി അന്‍പത് ലക്ഷം രൂപ നല്കി
കൊല്ലം : പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിലേറെ വരുന്ന അന്തേവാസികളെ തേടി കരുതലിന്റെ കരങ്ങള്‍ ഒരിക്കല്‍ കൂടി എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഗാന്ധിഭവന് അന്‍പത് ലക്ഷം രൂപ സ്നേഹസമ്മാനമായി നല്‍കിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി കൈത്താങ്ങായത്.
കോവിഡ് കാലം തുടങ്ങിയത് മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗാന്ധിഭവന് നേരിടുന്നത്. അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, ചികിത്സ ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വേണമെന്നിരിയ്ക്കെ ലഭിച്ചിരുന്ന പല സഹായങ്ങളും കോവിഡ് പ്രതിസന്ധികാലത്ത് നിലച്ചു. ഇത് ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിയ്ക്കെയാണ് യൂസഫലിയുടെ സ്നേഹസാന്ത്വനം വീണ്ടും ആശ്വാസമായി എത്തിയതെന്ന് ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന് പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങള്‍ ലഭിച്ചതിന് യൂസഫലിയോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസഫലിയുടെ കാരുണ്യസ്പര്‍ശം ഗാന്ധിഭവന്റെ വാതില്ക്കലെത്തി. ആറ് വര്‍ഷം മുന്‍പുള്ള സന്ദര്‍ശനവേളയില്‍ ഗാന്ധിഭവനിലെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും, മക്കളുപേക്ഷിച്ച അമ്മമാരുടെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങള്‍ അറിയാനിടയായതും തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് യൂസഫലി പറഞ്ഞിരുന്നു. ഗാന്ധിഭവന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും മതേതര സ്വഭാവവും ഏറെ ആകര്‍ഷിച്ചെന്നും അന്ന് അദ്ദേഹം സൂചിപ്പിയ്ക്കുകയുണ്ടായി.
കോവിഡ് ആരംഭഘട്ടത്തിലും ഇതേ കാരുണ്യവര്‍ഷം ഗാന്ധിഭവനെ തേടിയെത്തിയിരുന്നു. നാല്പത് ലക്ഷം രൂപയാണ് ആദ്യം സമ്മാനിച്ചത്. പിന്നീട് കോവിഡ് പ്രതിരോധത്തിലും കൈത്താങ്ങായി. കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാനും അന്നദാനത്തിനുമായി 25 ലക്ഷം രൂപ അന്ന് കൈമാറി. പ്രതിവര്‍ഷ ഗ്രാന്റടക്കം ആറ് വര്‍ഷത്തിനിടെ ഏഴേകാല്‍ കോടിയോളം രൂപയുടെ സഹായം യൂസഫലി ഗാന്ധിഭവനെത്തിച്ചു. ഇതിന് പുറമെ, 15 കോടിയിലധികം മുടക്കി അന്തേവാസികള്‍ക്കായി നിര്‍മ്മിയ്ക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാകും. മുന്നൂറോളം പേര്‍ക്ക് താമസിയ്ക്കാനുള്ള സൗകര്യം നല്‍കുന്നതാകും പുതിയ മന്ദിരം.
എം.എ യൂസഫലിയ്ക്ക് വേണ്ടി സെക്രട്ടറി ഇ.എ ഹാരിസ്, മാനേജര്‍ എന്‍.പീതാംബരന്, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ്, ബാബു വര്‍ഗ്ഗീസ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് അന്‍പത് ലക്ഷം രൂപയുടെ ഡി.ഡി. ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് കൈമാറിയത്.