KeralaNEWS

കോട്ടയം ഡിസിസി പ്രസിഡന്റ് കെ-റെയില്‍ സമരം പൊളിച്ചത് സി.പി.എം ഉന്നതന്റെ നിര്‍ദേശ പ്രകാരമെന്ന് ആരോപണം; നാട്ടകം സുരേഷിനെതിരേ കെപിസിസിക്ക് പരാതി

കോട്ടയം: ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെതിരേ കെപിസിസിക്ക് പരാതി. കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കെ-റെയില്‍ വിരുദ്ധ സമര കണ്‍വന്‍ഷനില്‍ നിന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം. നാട്ടകം സുരേഷിന്റെ ഈ നടപടി സിപിഎമ്മിലെ ഒരു ഉന്നതനുവേണ്ടിയുള്ള ഒത്തുകളിയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. നാട്ടകം സുരേഷിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കെപിസിസിക്ക് പരാതി നല്‍കി.

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിലെ കെ-റെയില്‍ പ്രതിഷേധമായിരുന്നു സംസ്ഥാനത്ത് കെ-റെയിലിനെതിരായ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം. ഇതിനു പിന്നാലെ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും നിയമസഭയില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി പ്രതിഷേധം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുറ്റി പിഴുതെറിയല്‍ സമരമൊക്കെ നടന്നത്. എന്നാല്‍ ഈ സമരത്തിലൂടെ നേടിയ എല്ലാ മേധാവിത്വവും നേട്ടവും തകര്‍ക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തിയിലൂടെ ഡിസിസി പ്രസിഡന്റ് ചെയ്തതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കെ-റെയില്‍ വിരുദ്ധ സമരത്തെ ജില്ലയിലെ പ്രധാന നേതാവ് തന്നെ തള്ളിപ്പറഞ്ഞതിലൂടെ തുടര്‍ സമരം പൊളിയുമെന്നാണ് വിലയിരുത്തല്‍.

കെ-റെയില്‍ വിഷയത്തില്‍ വലിയ ഇടപെടല്‍ നടത്തിയിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെ പങ്കെടുത്തിട്ടും ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് പരിപാടിയില്‍ നിന്നും വിട്ടുനിന്നത് സിപിഎമ്മും ഇടതുമുന്നണിയും ആയുധമാക്കുന്നുണ്ട്. ഇതിനിടെയാണ് സിപിഎമ്മിലെ ഉന്നത നേതാവിന്റെ താല്‍പര്യ പ്രകാരമാണ് ഡിസിസി പ്രസിഡന്റ് സമരത്തെ ഒറ്റുകൊടുത്തതെന്ന ആക്ഷേപം ഉയര്‍ന്നത്. നേരത്തെ ഇദ്ദേഹം ഡിസിസി പ്രസിഡന്റ് ആയതിനു ശേഷം ആദ്യം പരിപാടി നടത്തിയതും സിപിഎമ്മിലെ ഉന്നതനുമായി അടുത്ത ബന്ധമുള്ള ഒരാളുടെ സ്ഥാപനത്തില്‍ വച്ചായിരുന്നുവെന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിരുന്നത്. ഈ വിവാദങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ കെ-റെയില്‍ സമരത്തെ അട്ടിമറിച്ചതും എതിരാളികള്‍ ഇദ്ദേഹത്തിനെതിരെ ആയുധമാക്കുന്നത്.

അതിനിടെ കോട്ടയം ഡിസിസിയുടെ പ്രവര്‍ത്തനത്തില്‍ കെപിസിസിക്കും കടുത്ത അതൃപ്തിയുണ്ട്. സിയുസി രൂപീകരണത്തില്‍ ജില്ല ഏറെ പിന്നിലാണ്. ഒരു സിയുസി കമ്മറ്റി പോലും രൂപീകരിക്കാത്ത നിയോജക മണ്ഡലങ്ങള്‍ ജില്ലയിലുണ്ട്. കെപിസിസി ഫണ്ട് ശേഖരത്തിനായി നടത്തിയ 137 രൂപ ചലഞ്ചിലും കോട്ടയത്തിന്റെ പ്രകടനം തീരെ തൃപ്തിയുള്ളതല്ല. ഇതൊക്കെയും ഡിസിസി പ്രസിഡന്റിനെതിരായ ആയുധമാക്കാനാണ് എതിരാളികളുടെ തീരുമാനം.

 

Back to top button
error: