രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില വീണ്ടും ഉയർന്നു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് 85 പൈസയാണ് ഉയർത്തിയത് എണ്ണക്കമ്പനികൾ വ്യക്തമാക്കി. പെട്രോൾ ലിറ്ററിന് 87 പൈസയുടെ വർധനവായി.
ഇന്നലെയും രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുകയാണ്. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. ഈ മാസം അദ്യം 127 ഡോളറിൽ നിന്ന ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു. അഞ്ചു ദിവസം മുൻപ് ബാരലിന് 117 ഡോളർ ആയിരുന്നു ബ്രെന്റ് ക്രൂഡ് വില. ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയുടെ സൂചികയായ ഇന്ത്യൻ ബാക്സ്കറ്റിലും വിലയിടിവ് രേഖപ്പെടുത്തി. 109 ഡോളറാണ് ഇന്ത്യൻ ബാസ്കറ്റിൽ ഇപ്പോൾ ക്രൂഡ് വില. ഈ മാസം ഇത് 126 ഡോളർവരെ ഉയർന്നിരുന്നു.
അതേസമയം കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ആഗോള തലത്തിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന വാഗ്ദാനം അംഗീകരിക്കുകയാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.