KeralaNEWS

ഹോട്ടലിലെ ഭക്ഷണത്തിന് അമിതവില; കലക്ടര്‍ക്ക് ചിത്തരഞ്ജന്‍ എം.എല്‍.എയുടെ പരാതി

ആലപ്പുഴ: 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ കലക്ടര്‍ക്കു പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതി. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണു പരാതിയിലെ ആവശ്യം.

ഇന്നലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎല്‍എ പറയുന്നത് ഇങ്ങനെ ‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’.

Signature-ad

എംഎല്‍എയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയതായി കലക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. അമിതവില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വില്‍ക്കുന്നതിനുള്ള ചെലവിന് ആനുപാതികമായി മാത്രമേ വില ഈടാക്കുന്നുള്ളൂവെന്ന് ഹോട്ടലിന്റെ മാനേജിങ് പാര്‍ട്ണര്‍ പറഞ്ഞു.

 

Back to top button
error: