NEWS

അര നൂറ്റാണ്ടു കാലമായി ഒരു ഗ്രാമത്തിന്റെ ഒന്നാകെ ദാഹം അകറ്റി തണ്ണീര്‍ക്കുടമായി ഒരു കിണറുണ്ട്, കോട്ടയം ഈരാറ്റുപേട്ടയിൽ

രാറ്റുപേട്ട പഴയ ബസ് സ്റ്റാന്‍ഡില്‍ പലചരക്ക് വ്യാപാരിയായിരുന്ന അലിസാഹിബ് സ്വന്തം പുരയിടത്തിലെ ഉറവ വറ്റാത്ത കിണര്‍ നാട്ടുകാര്‍ക്കായി വിട്ടുകൊടുത്തപ്പോള്‍ ചുറ്റും നിറഞ്ഞത് നൂറോളം മോട്ടോറുകളാണ്.
മുല്ലൂപ്പാറയിലും ചുറ്റുവട്ടത്തും ആരു വീടുവച്ചാലും അലി സാഹിബിന്റെ കിണറ്റിലേക്ക് വൈദ്യുതി വയറും പൈപ്പ് കണക്ഷനും നിര്‍ബന്ധമാണ്. ആര്‍ക്കും എതിര്‍പ്പില്ല, ആരുടെയും അനുവാദവും വേണ്ട. ശുദ്ധജലം ചുരത്തുന്ന ഈ കിണറുള്ളതിനാല്‍ ഒരാളും സ്വന്തം പുരയിടത്തില്‍ ഇതുവരെയും കിണര്‍ കുഴിച്ചിട്ടില്ല. ഈ കിണറ്റില്‍ നിന്നും ആരും വെള്ളം കോരാറില്ല. പകരം മോട്ടോര്‍ വച്ചിരിക്കുകയാണ്. ഒന്നും രണ്ടും മോട്ടോറല്ല. 94 മോട്ടോറുകളാണ് നാടിന്റെ ദാഹമകറ്റുന്നത്.
ഓരോ മോട്ടറിനും ബെഡ് സ്വിച്ച് കിണര്‍ കരയിലുണ്ട്. മോട്ടര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആ വീട്ടിലെ ആരെങ്കിലും കിണര്‍ കരയിലുണ്ടാകും. പകല്‍ സമത്ത് സ്ത്രീകളും രാത്രിയില്‍ പുരുഷന്‍മാരുമാണു എത്തുന്നത്. വെള്ളം ടാങ്കിലെത്തുന്നതു വരെ ഇവര്‍ കിണറ്റിന്‍കരയില്‍ ഇരിപ്പിടത്തിലുണ്ടാകും. കിണറ്റില്‍ വെള്ളം വരുന്നതനുസരിച്ച് ഇവര്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെളളം നിറയ്ക്കും. അര്‍ധരാത്രി കഴിഞ്ഞാലും കിണറ്റിന്‍കരയിലെ ആളൊഴിയില്ല. എട്ടു മീറ്ററോളമുണ്ട് കിണറിന്റെ ആഴം. എത്ര കൊടിയ വേനലിലും വെള്ളം വറ്റില്ലെന്നു മാത്രമല്ല പെരുമഴയത്ത് നിറഞ്ഞു കവിയുകയുമില്ല.
ഈരാറ്റുപേട്ട നടയ്ക്കല്‍ മാങ്കുഴയ്ക്കല്‍ അലിസാഹിബ് എന്ന നാട്ടുകാരുടെ അലിയണ്ണന്‍ ജീവിച്ചിരുപ്പില്ല. അദ്ദേഹത്തിന്റെ നിത്യ സ്മാരകം കൂടിയാണ് ഈ കിണര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബ വസ്തു വീതം വച്ചപ്പോള്‍ കിണറും വഴിയും ഉള്‍പ്പെടെ രണ്ട് സെന്റോളം ഭൂമി നാട്ടുകാര്‍ക്ക് ദാനം ചെയ്യാനായിരുന്നു അലിസാഹിബിന്റെ തീരുമാനം.
ഇളയമകന്‍ യൂസഫ് മൗലവി നാട്ടുകാരില്‍ ഒരാളായി ഈ കിണറില്‍ നിന്നുമാണു വെള്ളമെടുക്കുന്നത്. ആദ്യം ആളുകള്‍ വെള്ളം കോരിക്കൊണ്ടുപോകുകയായിരുന്നു. പിന്നീടാണ് മോട്ടോറുകള്‍ സ്ഥാനം പിടിച്ചത്. ആദ്യകാലത്ത് പത്ത് മോട്ടറുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ 94 മോട്ടോറുകളുണ്ട്. ഓരോ മോട്ടോറില്‍ നിന്നും ഒരോ വീട്ടിലേക്കും കണക്ഷന്‍. ഒരു മോട്ടോറുപയോഗിച്ച് ജലമെടുക്കുന്ന പല കുടുംബങ്ങളുമുണ്ട്. 24 മണിക്കൂറും മോട്ടോറുകള്‍ മാറിമാറി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതിനാല്‍ കിണറിനു സമീപവും ഏതു സമയവും മോട്ടോറിന്റെ ഇരമ്പലാണ്.
വെള്ളം കുറഞ്ഞ് അടിത്തട്ടിലെത്തിയാലും 10 മിനിറ്റ് കാത്തിരുന്നാല്‍ ഒരു ടാങ്കിലേക്കുള്ള വെള്ളം ഊറിവരും. വെള്ളത്തിന്റെ പേരിലോ, മോട്ടോര്‍ സ്ഥാപിക്കുന്നതിന്റെ പേരിലോ ഇവിടെ പ്രശ്‌നങ്ങളോ വഴക്കുകളോ ഒന്നുമില്ല, ആര്‍ക്കും ഇനിയും മോട്ടോര്‍ വയ്ക്കാം. ജാതിയും മതവുമെല്ലാം ഈ കിണറ്റിന്‍കരയില്‍ ഒന്നാകും. പണം കൊടുത്തു കുടിവെള്ളം വാങ്ങുന്ന ഇക്കാലത്തും അനുവാദം പോലും ചോദിക്കാതെ മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുക്കുന്ന ഈ കിണറ്റിന്‍കര അത്ഭുതക്കാഴ്ചയാവുകയാണ്.

Back to top button
error: