നല്ല പൂവ് പോലുള്ള ഇഡ്ഡലിയും സാമ്പാറും ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? ഇല്ലെന്ന് നിസ്സംശയം പറയാം.നിങ്ങൾക്ക് പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്ക് വേണ്ടിയും ഒരു ദിനം ഉണ്ട്. അത് ഇന്നാണ്. മാർച്ച് 30 ലോക ഇഡ്ഡലി ദിനമായി ആചരിക്കുന്നു. മലയാളികൾക്ക് മാത്രമല്ല ലോകത്താകമാനം ഇഡ്ഡലിക്ക് ഫാൻസ് ഉണ്ട്.ലോകാരോഗ്യ സംഘടന പോഷകാഹാരങ്ങളുടെ പട്ടികയിലാണ് ഇഡ്ഡലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇഡ്ഡലി ഇന്ത്യയിലല്ല, ഇന്തോനേഷ്യയിലാണ് ആദ്യം ഉണ്ടാക്കിയത്.ഇന്തോനേഷ്യക്കാരു ടെ പ്രിയ ഭക്ഷണമായിരുന്നു കോട്ലി. പണ്ട് ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ അന്വേഷിച്ച് തെക്കേ ഇന്ത്യയിൽ എത്തി. ഈ രാജാവിനൊപ്പം കോട്ലി ഉണ്ടാക്കാൻ അറിയുന്ന പാചകക്കാരനും ഉണ്ടായിരുന്നു.പിന്നീട് ഇതിന്റെ മഹിമ തെക്കേ ഇന്ത്യയിൽ മുഴുവൻ പരക്കുകയാണ് ഉണ്ടായത്.അങ്ങനെ അവരുടെ കോട്ലി നമ്മുടെ ഇട്ലിയും പിന്നീട് ഇഡ്ഡലിയുമായി.തെക്കേ ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ അതിന്റെ രുചിക്കൂട്ടുകൾ പടർന്നു. ദക്ഷിണേന്ത്യയിൽ കർണാടകയിൽ ആണ് ആദ്യം ‘ഇഡ്ഡലി പരീക്ഷണം’ നടത്തിയതെന്നും പറയപ്പെടുന്നു.
2015 മുതലാണ് ഈ ദിനം ആഘോഷിച്ചു വരുന്നത്.ഇഡ്ഡലിയുടെ സ്വീകാര്യത മാത്രമല്ല അതിലടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ അളവും അത് മനുഷ്യശരീരത്തിന് എത്രമേൽ ഗുണം ചെയ്യും എന്നുള്ള തിരിച്ചറിവുമാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിൽ ഒരു ദിനം ആഘോഷിക്കുവാൻ കാരണമായിത്തീർന്നത്.