ബാലേട്ടന്റെ ആരോഗ്യം മൊത്തം ഇളനീരാണ്.യാതൊരുവിധ ജീവിതശൈലീ രോഗങ്ങളോ മുൻപ് അലട്ടിയിരുന്ന ഗ്യാസ് പ്രശ്നങ്ങളോ ഇന്ന് ബാലേട്ടനില്ല
ഇളനീർ കുടിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും.എന്നാൽ ഭക്ഷണമായി ഇളനീർ മാത്രം കുടിക്കുന്ന ഒരാളെ കുറിച്ച് കേട്ടാൽ വിശ്വസിക്കാൻ അൽപം പ്രയാസമാകും. എങ്കിൽ 63കാരനായ കാസർകോട് ചന്തേര സ്വദേശി ബാലകൃഷ്ണൻ പാലായി 24 വർഷമായി ഇളനീർ മാത്രം കുടിച്ചാണ് ജീവിക്കുന്നത്! ചോറോ മറ്റു തരത്തിലുള്ള ഒരു ഭക്ഷണവും 24 വർഷമായി അദ്ദേഹത്തിന്റെ മെനുവിൽ ഇല്ല.
കണ്ണൂർ കലക്ടറേറ്റിൽ നിന്ന് ഫെയർകോപ്പി സൂപ്രണ്ടായി വിരമിച്ച ബാലകൃഷ്ണൻ ഇന്നും വ്യായാമ മുറകളൊന്നും തെറ്റിക്കാതെ ചുറുചുറുക്കോടെ തന്റെ പ്രവൃത്തികളുമായി മുന്നോട്ടു പോകുകയാണ്. 1995ലാണ് ബാലകൃഷ്ണന് ഗ്യാസ് സംബന്ധ അസുഖമായ ജിഇആർഡി അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്പോൾ പുളിച്ചു തികട്ടൽ, ഛർദി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ സമീപിച്ചു. എരിവും പുളിയും ഇറച്ചിയും മീനുമെല്ലാം ഉപേക്ഷിക്കാൻ പറഞ്ഞതോടെ 6 മാസത്തോളം അത്തരം ഭക്ഷണക്രമം തുടർന്നു. പിന്നീട് മറ്റെല്ലാ ഇനങ്ങളും ഉപേക്ഷിച്ച് ഇളനീരിലേക്കു മാത്രമായി ചുരുങ്ങി.രാവിലെ നാലിന് ഉണരുന്ന ഇദ്ദേഹം 2 മണിക്കൂറോളം അടുത്തുള്ള ഗ്രൗണ്ടിൽ വ്യായാമ മുറകൾ ചെയ്യും.ശേഷം വീട്ടിലെത്തി രാവിലെ 2 ഇളനീർ ഉച്ചയ്ക്ക് 1 ഇളനീർ പിന്നീട് രാത്രി ഒന്നോ രണ്ടോ ഇളനീർ.ഇത് മാത്രമാണ് അദ്ദേഹത്തിന്റെ ഭക്ഷണം.