‘യുജി പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷയുടെ സ്‌കോര്‍ പരിഗണിക്കണം’; സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യുജിസിയുടെ കത്ത്
ന്യൂഡല്‍ഹി: സര്‍വകലാശാലകളിലേക്കുള്ള യുജി പ്രവേശനത്തിന് പുതിയ പൊതു പ്രവേശന പരീക്ഷയുടെ (സിയുഇടി) സ്‌കോര്‍ അടിസ്ഥാനമാക്കണമെന്ന് യുജിസിയുടെ നിര്‍ദേശം. രാജ്യത്തെ എല്ലാ കേന്ദ്രസര്‍വകലാശാലകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിനായി പൊതുപരീക്ഷ നടത്തുമെന്ന യുജിസിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. രാജ്യത്തെ പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെ എല്ലാ സര്‍വകലാശാലങ്ങളിലെ വൈസ് ചാന്‍സിലര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്കാണ് യുജിസി കത്ത് നല്‍കിയത്.
യുജിസി ചെയര്‍മാന്‍ ജഗദേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സര്‍വകലാശാലകളിലെയും കോളേജുകളിലെയും വിസിമാര്‍ക്കും ഡയറക്ടര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അവരുടെ യുജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായി സിയുഇടി സ്‌കോറുകള്‍ ഉപയോഗിക്കുന്നതിന് നിര്‍ദേശിച്ചു. സിയുഇടി നിലവില്‍ വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ ഒന്നിലധികം പരീക്ഷ എഴുതേണ്ട നില വരില്ലെന്നും യുജിസി വ്യക്തമാക്കുന്നു.
‘ഒന്നിലധികം പ്രവേശന പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ട സാഹചര്യം ഉണ്ടാവുന്നു. വ്യത്യസ്ത തീയതികളില്‍, ചിലപ്പോള്‍ ഒരേ തീയതിയില്‍. ഈ സാഹചര്യം ഇനി ഇല്ലാതാവും. വിവിധ ബോര്‍ഡുകളില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ അവസരം ലഭിക്കുന്ന നിലയുണ്ടാവും. പൊതു പരീക്ഷയിലൂടെ വിവിധ ബോര്‍ഡുകളില്‍ നിന്നുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ അവസരം ലഭിക്കുന്ന നിലയുണ്ടാവുമെന്നും യുജിസി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 45 കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത വര്‍ഷം മുതല്‍ പൊതുപരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ യുജിസി അറിയിച്ചിരുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശന രീതിയില്‍ മാറ്റം വരുത്താനുള്ള തീരുമാനം. ഇതിന് പിന്നാലെയാണ് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യുജി പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയുടെ (സിയുഇടി) സ്‌കോര്‍ അടിസ്ഥാനമാക്കണമെന്ന് യുജിസി നിര്‍ദേശം നല്‍കുന്നത്.
നാഷണല്‍ ടെസ്റ്റ് ഏജന്‍സിയാണ് പരീക്ഷ നടത്തുക. അടുത്ത വര്‍ഷം ജൂലൈ ആദ്യവാരത്തില്‍ പൊതുപ്രവേശന പരീക്ഷ നടക്കും. ഏപ്രിലില്‍ അപേക്ഷ ക്ഷണിക്കും. മലയാളമുള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാമെന്നും അറിയിച്ചിരുന്നു. പന്ത്രണ്ടാം സിബിഎസ്സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാവും പരീക്ഷയിലുണ്ടാവുക. സംവരണത്തെ ബാധിക്കില്ലെങ്കിലും ന്യൂനപക്ഷ സര്‍വകലാശാലകളും പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും. പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചാണ് ഭൂരിപക്ഷം കേന്ദ്ര സര്‍വകലാശാലകളിലും പ്രവേശനം നടത്തിയിരുന്നത്. സര്‍വകലാശാലകള്‍ തന്നെ നേരിട്ട് പ്രവേശന പരീക്ഷകളും നടത്തിയിരുന്നു. ഡല്‍ഹി, ജെഎന്‍യു സര്‍വകലാശാകളില്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി പ്രവേശനം നേടിയപ്പോള്‍ മാര്‍ക്ക് ജിഹാദ് ആണ് എന്ന ആരോപണം സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ മാറ്റം.
യുജിസി നടപടി വിവേചനപരമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു. പ്രവേശന പരീക്ഷ സിബിഎസ്ഇ സിലബസ് പ്രകാരം നടത്തുമ്പോള്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെടാനുള്ള സാധ്യതയേറെയാണെന്ന് വിദ്യാഭ്യാസ വിദഗ്ധരും പറയുന്നു.