CrimeKeralaNEWS

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ക്രൈം ബ്രാഞ്ച് നാളെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ ക്രൈം ബ്രാഞ്ച് നാളെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടായിരുന്നോ എന്നത് കണ്ടെത്തുകയാണ് ലക്ഷ്യം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ചതിന്റെ ഗൂഡാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിനുള്ള പങ്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്റെ ഫോണുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടടക്കം ചോദ്യം ചെയ്യലില്‍ ആധാരമാക്കും. എഴുതി തയാറാക്കിയ ചോദ്യങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ ദിലീപില്‍ നിന്ന് വിവരങ്ങള്‍ തേടുക. ഡിജിറ്റല്‍ തെളിവുകളുമായി ബന്ധപ്പെട്ടായിരിക്കും കൂടുതല്‍ ചോദ്യങ്ങളുണ്ടാവുക. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണത്തിലും ദിലീപില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടും.

ദിലീപ് ദൃശ്യങ്ങള്‍ വീട്ടില്‍ വച്ച് കണ്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. എസ് പി സോജനും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ദിലീപിന് പുറമേ കൂടുതല്‍ ആളുകളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 15 വരെയാണ് കേസില്‍ തുടരന്വേഷണത്തിന് കോടതി സമയം അനുവദിച്ചിട്ടുള്ളത്. നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കസ്റ്റഡിയിലെടുക്കാതെ മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു.

Back to top button
error: