NEWS

ഒരു മുന്നറിയിപ്പാണ് ശ്രീലങ്ക

പൊതുവെ ചെലവ് കുറഞ്ഞ ഒരു രാജ്യമായിരുന്നു ശ്രീലങ്ക.അതാണ് അവിടേക്ക് ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്നതും.ഇന്നാകട്ടെ ഒരു നേരത്തെ ഭക്ഷണത്തിന് ആയിരം ശ്രീലങ്കന്‍ രൂപയിലേറെ ചെലവാക്കേണ്ടി വരുന്നു.ഡീസലും പെട്രോളും ഉയര്‍ന്ന വില നല്‍കിയാലും കിട്ടാനില്ല.ഇത് വാങ്ങാനുള്ള ക്യൂവില്‍ നിന്ന രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചതും കടലാസ് ഇറക്കുമതി ചെയ്യാന്‍ പണമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവച്ചതും ഉള്‍പ്പെടെയുള്ള വാര്‍ത്തകളാണ് ഇപ്പോൾ ശ്രീലങ്കയിൽ നിന്നും പുറത്തുവരുന്നത്.

തമിഴ് പുലികൾ തകർത്തെറിഞ്ഞ ശ്രീലങ്കയുടെ എന്നത്തേയും വരുമാനം ടൂറിസമായിരുന്നു.ചൈനയുടെയും മറ്റ് വിദേശ ശക്തികളുടെയും സഹായത്തോടെ തമിഴ് പുലികളെ കൊന്നൊടുക്കിയപ്പോൾ ശ്രീലങ്കയിലേക്ക് എത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുമെന്ന് കണക്ക് കൂട്ടിയെങ്കിലും അതുണ്ടായില്ല.അതിനു വേണ്ടിയായിരുന്നു ചൈനയുടെ സഹായത്തോടെ കൂറ്റന്‍ വിമാനത്താവളവും മറ്റം നിര്‍മ്മിച്ചത്. വിമാനത്താവളവും തുറമുഖവും ക്രിക്കറ്റ് സ്റ്റേഡിയവുമൊക്കെ തീര്‍ന്നപ്പോഴേക്കും കൊവിഡ് വന്നു.അതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി ശ്രീലങ്ക ടൂറിസത്തിലൂടെ വരവില്‍ കവിഞ്ഞ ചെലവിനെ നേരിടാനാകുമെന്ന് വിശ്വസിക്കുകയും അതനുസരിച്ച്‌ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്ത ശ്രീലങ്കയ്ക്ക് ചൈനയില്‍  നിന്നുതന്നെ ഉദ്‌ഭവിച്ച കൊവിഡ് വില്ലനായി മാറുകയായിരുന്നു.
കഴിഞ്ഞവര്‍ഷം സര്‍ക്കാരിന്റെ വരുമാനത്തില്‍ 71 ശതമാനവും പലിശ നല്‍കാന്‍ മാത്രമാണ് ഉപയോഗിച്ചത്. 2015 – 19 കാലത്ത് സിരിസേന പ്രസിഡന്റായിരിക്കെ കടബാദ്ധ്യത 42.8 ശതമാനം വര്‍ദ്ധിച്ചതായാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയത്. ഈ അധിക ബാദ്ധ്യതയുടെ സിംഹഭാഗവും അതിന് മുന്‍പ് പ്രസിഡന്റായിരുന്ന മഹീന്ദ്ര രാജപക്‌സേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ച വായ്‌പകളുടെ പലിശയാണ്. രാജപക്‌സെയുടെ കുടുംബ ഭരണവും ഏകാധിപത്യശൈലിയും അഴിമതിയുമാണ് യഥാര്‍ത്ഥത്തില്‍ ശ്രീലങ്കയെ ഈ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്.
പ്രധാനമായും കൃഷിയെ ആശ്രയിക്കുന്ന രാജ്യത്ത് ഒറ്റയടിക്ക് രാസവളങ്ങള്‍ നിരോധിക്കുകയും പൂര്‍ണമായും ജൈവവളം ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയും മറ്റും ചെയ്ത് തുഗ്ളക്ക് പരിഷ്കാരങ്ങള്‍ക്കൊപ്പം ചൈനയുടെ ഋതരാഷ്ട്രാലിംഗനത്തില്‍ അമര്‍ന്നതും ശ്രീലങ്കയുടെ പതനത്തിനിടയാക്കി.ചൈനയുടെ ധനസഹായത്തിനായി ഉറ്റുനോക്കിയിരിക്കുന്ന ചെറുരാജ്യങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ശ്രീലങ്ക.

Back to top button
error: