NEWS

കെ.റെയിൽ വന്നാൽ ആരെയൊക്കയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്?

കേരളത്തിന്റെ വികസന ചരിത്രത്തിൽ എന്നുമെന്നും അടയാളപ്പെടുത്താൻ പോകുന്ന,  ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നതിൽ തർക്കമില്ല.പക്ഷെ ഒരുപാട് പേരെ കുടിയൊഴിപ്പിക്കേണ്ടി വരും എന്നത് ഒരു പ്രശ്നമാണ്.എന്നാൽ കെ.റെയിൽ വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇവരെയൊന്നുമല്ല എന്നതാണ് യാഥാർത്ഥ്യം.
 1) വാഹന നിർമ്മാതാക്കൾ, 2) ടയർ നിർമ്മാതാക്കൾ 3 ) എണ്ണ കമ്പിനികൾ (അവരുടെ വിവിധ ഉൽപ്പന്നങ്ങൾ ) 4 സ്പെയർ പാർട്ട്സ് നിർമ്മാതാക്കൾ 5 ) ടാങ്കർ ഉടമകൾ 6) കോൺട്രാക്റന്മാർ 7 ) മരുന്നു കമ്പിനികൾ 8) ആശുപത്രികൾ എന്നിവരെയാണ് ഈ പദ്ധതി ഏറ്റവും കൂടുതൽ ബാധിക്കുന്നത് മേൽപ്പറഞ്ഞവർക്ക് ഭീമമായ നഷ്ടമാണ് സ്ഥിരമായി ഇത് മൂലം ഉണ്ടാകാൻ പോകുന്നത്. അപ്പോൾ അവർ ഈ പദ്ധതി ഇല്ലാതാക്കനോ, താമസിപ്പിക്കാനോ ശ്രമിക്കും (ഇന്ത്യയിലെ ടയർ നിർമ്മാതാക്കളിൽ മുന്തിയതാണ് MRF. പത്രം മുത്തശ്ശിക്ക് ഹാലിളകാതിരിക്കുമോ! കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരിക്കുമോ !! ) ഇവരെല്ലാം കൂടിയാണ് കോടികൾ ഒഴുക്കി ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കെ-റെയിൽ വിരുദ്ധ സമരങ്ങളെ സ്പോൺസർ ചെയ്യുന്നത്.
കേരള സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്​പീഡ്​ ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
ഇതിന്റെ ഭാഗമായുള്ള സര്‍വേ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.അല്ലെങ്കിൽ 1961ലെ കേരള സര്‍വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് സര്‍വേ നടത്തുന്നതിന് മുന്നോടിയായുള്ള അതിര് തിരിച്ചുള്ള കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്.
11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത് (തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്)​. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചും ഒരു സ്‌റ്റോപ്പുണ്ടാകും. 11 ജില്ലകളിലൂടെ ഈ പാത കടന്നുപോകും. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സർവീസ് നടത്തും. 675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇഎംയു (ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് ഇതിലൂടെ ഓടുക.സങ്കേതികവിദ്യ നല്‍കുന്നത് ജപ്പാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജപ്പാന്‍ ഇന്റര്‍നാഷണൽ കോപ്പറേറ്റീവ് ഏജന്‍സി (JAICA) എന്ന കമ്പനിയാണ്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്ര നാല് മണിക്കൂറായി ചുരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. 560 കിലോമീറ്ററുളള തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രക്കായി ഇപ്പോൾ ട്രെയിനുകൾ 12 മണിക്കൂറാണ് എടുക്കുന്നത്. നിലവിലെ റെയിൽവേ ലൈനിൽ ഇതിൽ കൂടുതൽ വേഗത സ്വീകരിക്കാൻ പല പരിമിതികളുമുണ്ട്. വളവുകളും, കയറ്റിറക്കങ്ങളും നിരവധിയുള്ള ഈ വഴിയിലൂടെ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ കെ റെയിൽ വരുന്നതോടെ ഈ കാത്തിരിപ്പിന് അവസാനമാകും. കേവലം മൂന്നര, നാല് മണിക്കൂറിനുള്ളിൽ കേരളത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഴിയും. ഇതാണ് പദ്ധതിയുടെ മുഖ്യ ആകർഷണം.

 

കേരളത്തിലെ ഭൂപ്രകൃതിയും, ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോൾ ദേശീയ പാതകളുടെയും, അതിവേഗ എക്‌സ്​പ്രസ്‌ ഹൈവേകളുടെയും കാര്യത്തിൽ പരിമിതികളുണ്ട്. അതിനാലാണ് കെ റെയിൽ പോലെയൊരു സംവിധാനം ബദലായി  അവതരിപ്പിക്കുന്നത്.അതിലൂടെ പ്രത്യക്ഷമായും പരോക്ഷമായും കുറഞ്ഞത് 500,00 തൊഴിലവസരങ്ങളെങ്കിലും സൃഷ്‌ടിക്കാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.2027ല്‍ പൂര്‍ത്തീകരിക്കണമെന്ന് ലക്ഷ്യമിടുന്ന ഈ പദ്ധതിക്കുള്ള അടങ്കൽ തുക ഏകദേശം 63,941 കോടി രൂപയാണ് കണക്കാക്കുന്നത്.
ഭാവി കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ ഒരു പദ്ധതിയായാണ് സർക്കാർ ഇതിനെ കാണുന്നത്. എന്നാൽ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പ്രശ്‌നം ഗൗരവമായി തന്നെ ചർച്ച ചെയ്യേണ്ടതാണ്.ഈ പാതയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്‌ഥലത്തിന്റെയും കൃത്യമായ വിവരങ്ങള്‍ മാപ്പില്‍ നിന്നും കണ്ടെടുക്കാം. keralarail.com എന്ന വെബ്‌സൈറ്റിലാണ് പാതയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.എതിര്‍പ്പുകള്‍ പരിഹരിച്ച് വളരെ വേഗത്തില്‍ കാര്യങ്ങളുമായി മുന്‍പോട്ട് പോകുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: