Crime

ദീപു മുഹമ്മദാലിയായി; എന്നിട്ടും രക്ഷയില്ല, പോലീസ് പൊക്കി

തിരുവനന്തപുരം: കഞ്ചാവ് മാഫിയയ്ക്കെതിരേ പ്രവര്‍ത്തിച്ചയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ മതം മാറി മലപ്പുറത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മേല്‍തോന്നക്കല്‍ കണ്ണങ്കരക്കോണം കൈതറ വീട്ടില്‍ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്. 2018-ല്‍ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപവത്കരിച്ചതിന് നേതൃത്വം നല്‍കിയ തെറ്റിച്ചിറ, ലാല്‍ഭാഗ് മനോജ് ഭവനില്‍ മുകേഷിനെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയായ ദീപു കഴിഞ്ഞ നാലുവര്‍ഷമായി പോലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയില്‍ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പോലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു. പോലീസ് പിടിയിലാവാതിരിക്കാന്‍ ഇയാള്‍ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല.

Signature-ad

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യാ ഗോപിനാഥിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. അന്വേഷണത്തില്‍ ഇയാള്‍ മതംമാറി മലപ്പുറത്ത് താമസിച്ചുവരുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളോളം നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. പോത്തന്‍കോട് കൊലപാതക കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിന്റെ കൂട്ടാളിയായ ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, കവര്‍ച്ച അടക്കം ഇരുപതോളം കേസുകളുണ്ട്. മലപ്പുറത്ത് ഇയാള്‍ നടത്തിയ നിയമ വിരുദ്ധമായ ഇടപാടുകളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മലപ്പുറം പോലീസുമായി ചേര്‍ന്ന് വിശദമായ അന്വേഷണം നടത്തും. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചിറയിന്‍കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ ജി.ബി മുകേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി.എസ്.വിനീഷ് എ.എസ്.ഐ ഷജീര്‍, സി.പി.ഒ അരുണ്‍, റൂറല്‍ ഡാന്‍സാഫ് ടീമിലെ എ.എസ്.ഐ ബി. ദിലീപ്, സി.പി.ഒ സുനില്‍ രാജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

Back to top button
error: