NEWS

ഇന്ന് ലോക സന്തോഷദിനം; എന്താണ് സന്തോഷത്തിന്റെ താക്കോൽ

അജീഷ് മാത്യു കറുകയിൽ
 
ന്ന് ലോക സന്തോഷദിനമാണ്.
എന്താണ് സന്തോഷത്തിൻ്റെ മാനദണ്ഡം…?
ഒരാൾക്ക് ഏതു സമയവും സന്തോഷവാനായിരിക്കാനാവുമോ…?
ഒരു നല്ല പൂവ്, ഒരു നല്ല പാട്ട്, ഒരു നല്ല സിനിമ, ഒരു നല്ല ചിരി, പ്രതീക്ഷിക്കാതെ ലഭിക്കുന്ന സമ്മാനങ്ങൾ…ഇതൊക്കെയാണ് നമ്മുടെ കൊച്ചു സന്തോഷങ്ങളുടെ പരിധിയിൽ പ്രഥമം.
സന്തോഷത്തിൽ ആരംഭിച്ചു സന്തോഷത്തിൽ അവസാനിക്കുന്ന സന്തോഷ ഭരിതമായ ദിവസം ആഗ്രഹിക്കുന്നവരാണ് ഭൂമിയിലെ എല്ലാ മനുഷ്യരും.എന്നാലവന്റെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ആ സന്തോഷത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.കുട്ടികളുടെ സന്തോഷം ഒരു കാർട്ടുണോ ഐസ്ക്രീമോ ചെറിപ്പഴങ്ങളോ ആകുമ്പോൾ മുതിർന്നവർക്കതു മറ്റു പലതുമാണ്.
ആരെയും വിധിക്കാതിരിക്കുകയും എല്ലാവരോടും ക്ഷമിക്കുകയും ചെയ്യുന്നതാണ് സന്തോഷത്തിന്റെ താക്കോലെന്നു ശ്രീബുദ്ധൻ നമ്മെ പഠിപ്പിക്കുന്നു. ആരോടും ക്ഷമിക്കാനും ആരെയും വിധിക്കാതിരിക്കാനുമാവാത്ത ആധുനികതയാണ് ഇന്നത്തെ എല്ലാ സങ്കോചങ്ങളുടെയും കാരണം.
സന്തോഷം എന്നതൊരു തിരഞ്ഞെടുപ്പാണ്.ലഭ്യമാകുന്ന സങ്കേതങ്ങളിൽ നിന്നും മനസ്സിനിണങ്ങിയതു തിരഞ്ഞെടുക്കപ്പെടുമ്പോൾ സന്തോഷം താനെയുണ്ടാകും. ലഭ്യമാകുന്ന ചുറ്റുപാടുള്ളവയെ കാണാതെ അന്യന്റെ പുരയിടത്തിലെ സമ്യദ്ധിയിലേയ്ക്കു മിഴി നട്ടിരിക്കുന്ന ഒരാൾക്കും സന്തോഷം എളുപ്പത്തിൽ കരഗതമാക്കാവുന്ന ഒന്നല്ല.
ലോകത്തിലെ ഏറ്റവും സന്തോഷവാനായ ഒരാളെ തിരഞ്ഞു ഭൃത്യന്മാരെ അയച്ച രാജാവിന്റെ കഥ നാം വായിച്ചിട്ടുണ്ട്. ഒരു പാടു തിരഞ്ഞവർ കണ്ടെത്തിയ സന്തോഷവാൻ ഒരു യാചകനായിരുന്നു. അയാൾക്കൊന്നിനെക്കുറിച്ചും വ്യാകുലചിന്തകളുണ്ടായിരുന്നില്ല. തനിക്കു ചുറ്റും പ്രകൃതി ഒരുക്കിയവയെ അയാൾ സമർത്ഥമായി കണ്ടെത്തി ഉപയോഗിക്കുന്നുവെന്നതായിരുന്നു അയാളുടെ സന്തോഷത്തിന്റെ ഹേതു.
അയൽപക്കത്തെ ശരാശരിയിലും മേൽ സാമ്പത്തികമുള്ളവൻ വാങ്ങിയ വില കൂടിയ കാറു വാങ്ങാൻ കഴിയാത്ത ഞാനെന്ന ചിന്ത, നഷ്ടപ്പെടുത്തുന്ന സന്തോഷം സ്വയം കൃതാനർത്ഥമാണ്. സന്തോഷമെന്നത് അവനവനെ അറിയുക എന്നതും കൂടിയാണ്. ആകാശത്തിലെ പറവകൾ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ ശേഖരിക്കുകയോ ചെയ്യാതെ സന്തോഷം കരഗതമാക്കും പോലെ മനുഷ്യനു സാധ്യമാവില്ലെങ്കിലും ആഗ്രഹങ്ങളുടെ പണ്ടികശാല നമ്മുടെ കയ്യിലുള്ള വിഭവങ്ങളുടെ അളവിനനുസരിച്ചു ചുരുക്കിയാൽ മാത്രം മതി.
നാം അണിയുന്ന കണ്ണടയുടെ നിറമാണ് നാം കാണുന്ന ലോകത്തിനും. സന്തോഷത്തിന്റെ കളറുള്ള കണ്ണിലൂടെ നമുക്കു ലോകത്തെ നോക്കാം. എല്ലായിടത്തും പ്രകാശം പരക്കട്ടെ, എന്നും എപ്പോഴും എല്ലായ്‌പ്പോഴും  സന്തോഷമുണ്ടാകട്ടെ. ഒരിക്കൽ കൂടി ഗൗതമ ബുദ്ധനെ കടമെടുത്തു കൊണ്ടു പറയട്ടെ
സന്തോഷത്തിലേയ്ക്കൊരു വഴിയില്ല
സന്തോഷമാണാ വഴി
ലോക സന്തോഷ ദിനാശംസകൾ.
(കഥാകൃത്താണ് ലേഖകൻ)

Back to top button
error: