തിരുവല്ല: നാളെ നടക്കുന്ന ഐ.എസ്.എല്‍. ഫുട്‌ബോള്‍ ഫൈനൽ മെഗാസ്‌ക്രീനില്‍ തിരുവല്ലയില്‍ തല്‍സമയം കാണാൻ സൗകര്യം.പബ്ലിക് സ്‌റ്റേഡിയത്തില്‍ 300 ച. അടി മെഗാ എല്‍.ഇ.ഡി. സ്‌ക്രീനിലാണ് സംപ്രേഷണം.20000 വാട്‌സ്‌സൗണ്ട് സിസ്‌റ്റം, ഒപ്‌റ്റിക്കല്‍ ഫൈബര്‍നെറ്റ് തുടങ്ങിയവ അനുബന്ധ സംവിധാനങ്ങളുമുണ്ട്.
ഇതാദ്യമായാ ണ് തിരുവല്ലയിൽ ഇത്തരമൊരു സംവിധാനം കാണികൾക്കായി ഒരുക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള ഫൈനൽ മത്സരം നാളെ വൈകിട്ട് 7.30-ന് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണിത്.
2014 ൽ ടൂർണമെന്റ് ആരംഭിച്ചപ്പോൾ മുതൽ ഐഎസ്എൽ കിരീടത്തിനായുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്സ്.ആദ്യസീസണിൽ ഡേവിഡ് ജയിംസ് എന്ന മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പറായിരുന്നു ബ്ലാസ്റ്റേഴ്സിനെ നയിച്ചതും പരിശീലിപ്പിച്ചതും.ഇയാൻ ഹ്യൂമും സ്റ്റീവൻ പിയേഴ്സണും ഉൾപ്പെട്ട നിര ഫെെനൽവരെ മുന്നേറിയപ്പോൾ ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച തുടക്കമായി.പക്ഷെ ഫൈനലിൽ തോറ്റു.
2016ൽ സ്റ്റീവ് കൊപ്പൽ എന്ന തന്ത്രശാലിയായ പരിശീലകന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ഫൈനലിലെത്തി.സി കെ വിനീതും ഹൊസുവും സെഡ്രിക് ഹെങ്ബർട്ടും ഉൾപ്പെട്ട നിര പ്രശംസ പിടിച്ചു പറ്റി. ഇക്കുറിയും കിരീടപ്പോരിൽ നിരാശയായി ഫലം.ഷൂട്ടൗട്ടുവരെ നീണ്ട കളിയിൽ ബ്ലാസ്റ്റേഴ്സ് പൊരുതിവീഴുകയായിരുന്നു.അതിനാൽത്തന്നെ ഇത്തവണ കലിപ്പടക്കണം കപ്പടിക്കണം എന്ന തീരുമാനത്തിലാണ് ബ്ലാസ്റ്റേഴ്സ്.അതുതന്നെയാണ് ആരാധകരുടെയും മനസ്സിൽ.