യുജിസിയുടെ (UGC) പുതിയ നിര്‍ദ്ദേശപ്രകാരം, കുറഞ്ഞത് 7.5 സിജിപിഎയോടുകൂടി (CGPA) നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതൽ പിഎച്ച്‌ഡി പ്രവേശനത്തിന് (PhD Admission) യോഗ്യത നേടാന്‍ കഴിയും. പിഎച്ച്‌ഡി ബിരുദം കരസ്ഥമാക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതകളും മാനദണ്ഡങ്ങളും സംബന്ധിച്ച യുജിസിയുടെ കരടുരേഖ മാര്‍ച്ച് 10ന് ചേര്‍ന്ന 556-ാമത് യോഗം അംഗീകരിച്ചു.പ്രസ്തുത രേഖ ugc.ac.in എന്ന, യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിലെ നിർദ്ദേശം പ്രകാരം, ബിരുദാനന്തര ബിരുദമുള്ള വിദ്യാർത്ഥികളെപ്പോലെ തന്നെ, കുറഞ്ഞത് 7.5 സിജിപിഎയോടുകൂടി നാല് വർഷ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത ലഭിക്കും.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതാണ് പുതിയ നിർദ്ദേശങ്ങളെന്ന് യുജിസി ചെയർപേഴ്‌സൺ ജഗദിഷ് കുമാർ അഭിപ്രായപ്പെട്ടു. പുതുതായി ആരംഭിച്ച നാല് വർഷ ബിരുദ കോഴ്‌സുകളിലൂടെ ഒന്നിലധികം വിഷയങ്ങളെ കൂട്ടിയിണക്കി ഗവേഷണം നടത്താനോ അല്ലെങ്കിൽ അവസാന വർഷം ഒരു പ്രത്യേക വിഷയത്തിൽ തന്നെ കേന്ദ്രീകരിച്ച് പഠനം പൂർത്തിയാക്കാനോ ഉള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മികച്ച രീതിയിൽ നാല് വർഷ ബിരുദപഠനം പൂർത്തിയാക്കുന്നവർക്ക് പിച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതയും നേടാൻ കഴിയും.