KeralaNEWS

ഇനി പിങ്ക് പൈനാപ്പിളിന്റെ കാലം

ഞ്ഞ കാമ്പുള്ള പൈനാപ്പിൾ അങ്ങോട്ട്‌ മാറി നിന്നാട്ടെ.. ഇനി പിങ്ക് പൈനാപ്പിളിന്റെ കാലം.ആഗോള ഭക്ഷണ വ്യവസായ ഭീമനായ ഡെൽമോന്റെ (Delmonte )കമ്പനിയാണ് പതിനഞ്ച് വർഷത്തെ ശാസ്ത്ര ഗവേഷണത്തിനോടുവിൽ ‘പിങ്ക് ഗ്ലോ(Pink Glow)എന്ന പേറ്റെന്റെഡ് ഇനം 2020 ൽ വിപണിയിൽ എത്തിച്ചത്..2005ൽ തുടങ്ങിയ കമ്പനിയുടെ ഗവേഷണം പതിനഞ്ചു കൊല്ലത്തിനൊടുവിൽ  ഫലം കണ്ടു.ജനിതക സാങ്കേതിക വിദ്യയിലൂടെ ഉരുതിരിച്ചെടുത്തതാണെങ്കിലും അമേരിക്കൻ FDA യുടെ അപ്പ്രൂവലും കിട്ടി.
പഴങ്ങൾക്ക് ചുവപ്പ് നിറം നൽകുന്ന പ്രധാന വർണകമാണ് ലൈകോപീൻ (Lycopene).തക്കാളിയിലും തണ്ണിമത്തനിലും ഒക്കെ. പൈനാപ്പിളിൽ അതിനെ മഞ്ഞ നിറമായ ബീറ്റാ കരോട്ടീൻ ആക്കി ചില എൻസ്യ്മുകൾ മാറ്റുമ്പോൾ പഴത്തിന്റെ കാമ്പ് മഞ്ഞയായി മാറുന്നു. ഈ എൻസ്യ്മിന്റെ പ്രവർത്തനത്തെ ജനിതക എഞ്ചിനീറിങ്ങിലൂടെ മരവിപ്പിച്ചപ്പോൾ പൈനാപ്പിൾ കാമ്പ് പിങ്ക് നിറമായി എന്നാണ് കമ്പനി ഭാഷ്യം.മാത്രമല്ല നല്ല സുഗന്ധം.അതേപോലെ അതീവ മധുരവും.
വില കേട്ടാൽ ഞെട്ടും.തുടക്കമായതു കൊണ്ടാകാം വില ഇപ്പോൾ ഒന്നിന് 49 ഡോളറോളം.പക്ഷേ വലിയ ഒരു ചതി കമ്പനി ചെയ്തു. പൈനാപ്പിളിന്റെ തലപ്പ് (crown)നീക്കിയ കായ്കൾ മാത്രമേ പഹയന്മാർ സൂപ്പർ മാർക്കറ്റിൽ എത്തിക്കൂ.. തലപ്പ് കൊണ്ട് പോയി കുഴിച്ചു വച്ച് ആരും കൃഷി ചെയ്യാതിരിക്കാൻ ഉള്ള ബഹുരാഷ്ട്ര തിണ്ണമിടുക്ക്.
ഇത് കൃഷി ചെയ്യുന്നത് കമ്പനിയുടെ കോസ്റ്ററിക്കായിലെ തോട്ടങ്ങളിലാണ്.അവരുടെ തന്നെ ഗോൾഡൻ പൈനാപ്പിൾ എന്ന മഞ്ഞയിനത്തിന് വെറും മൂന്ന് ഡോളർ മാത്രം.പുറം തൊലി കണ്ടാൽ രണ്ട് പൈനാപ്പിളും ഒരു പോലെ. മുറിക്കുമ്പോൾ മാത്രമേ വ്യത്യാസം ഉള്ളൂ.
ലോകത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ കയറ്റുമതി ചെയ്യുന്നത് കോസ്റ്ററിക്കയാണ്. രണ്ടാം സ്ഥാനം നെതർലൻഡ്സിനും മൂന്നാമത് ഫിലിപ്പിൻസ്സും.ഇന്ത്യ ചിത്രത്തിലേ ഇല്ല.
മറ്റ് പല ഫലവൃക്ഷങ്ങളെയും പോലെ പൈനാപ്പിളിന്റെയും വരവ് ലാറ്റിൻ അമേരിക്കയിൽ നിന്നുമാണ്. ബ്രസീൽ -പരാഗ്വയ്‌ പ്രദേശങ്ങളിൽ. അവിടെ നിന്നും അതിന്റെ പെരുമ ഇന്ന് തൊടുപുഴയിലെ വാഴക്കുളത്തോളം എത്തി നിൽക്കുന്നു.
Kew, Mauritius, Queen, MD2, Red Spanish എന്നിങ്ങനെ നിരവധി ജനപ്രിയ ഇനങ്ങൾ ഇന്നുണ്ട്.1980കൾക്ക് ശേഷമാണ് കേരളത്തിൽ പൈനാപ്പിൾ വ്യാപകമായി വാണിജ്യടിസ്ഥാനത്തിൽ കൃഷി തുടങ്ങിയത്. പ്രത്യേകിച്ചും നമ്മുടെ ഇഷ്ടത്തിന്, വിപണിയിൽ വില ഉള്ളപ്പോൾ,കായ്കൾ ഉണ്ടാകാൻ എത്തിഫോൺ എന്ന ഹോർമോണിന്റെ പ്രയോഗസാദ്ധ്യതകൾ അറിഞ്ഞതിനു ശേഷം. അത് വലിയ ഒരു വിപ്ലവമായിരുന്നു. ഇന്ന് ഇന്ത്യയിൽ എവിടേയ്ക്കും പൈനാപ്പിൾ പോകുന്നത് കേരളത്തിൽ നിന്നാണ്. സീസണിൽ ശരാശരി ദിവസവും നൂറ് ടണ്ണും ചില ദിവസങ്ങളിൽ അഞ്ഞൂറ് ടൺ വരെയും വാഴക്കുളത്തു നിന്നും മുംബയിലേക്കും ഹൈദരാബാദ്ലേക്കും അഹമ്മദാബാദിലേക്കും ലോറി കയറി പോകുന്നു.
ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന പഴമാണ് പൈനാപ്പിൾ.ദഹനത്തിന് അത്യുത്തമം. അതിൽ അടങ്ങിയിട്ടുള്ള ബ്രോമേലിൻ എന്ന എൻസ്യ്മിന്റെ മാജിക്.സന്ധിവാതത്തിന്റെ ഭാഗമായുള്ള നീർക്കെട്ടു കുറയ്ക്കാൻ പൈനാപ്പിൾ സഹായിക്കും. സർജറിയ്ക്ക് ശേഷം മുറിവുകൾ വേഗം ഉണങ്ങാനും ഈ പഴം സഹായിക്കും.
ഇനി നമുക്കൊക്കെ എന്നാണ് ഈ പിങ്ക് പൈനാപ്പിൾ കഴിക്കാൻ യോഗമുണ്ടാകുക?

Back to top button
error: