നാളെ ഹോളിയാണ്. ഹോളി ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകാൻ ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളിലെ അതികായരായ ഒല ഇലക്‌ട്രിക് വീണ്ടും സെയിൽസ് വിൻഡോ തുറക്കുന്നു. രണ്ട് ദിവസത്തേക്കാണ് ഒല വീണ്ടും വിൽപ്പന ആരംഭിക്കുന്നത്.
ഇന്നും നാളെയും മാത്രമാണ് ഒല ഇലക്‌ട്രിക്കിന്റെ വിൽപ്പന. റെഗുലർ മോഡലുകൾക്ക് പുറമെ, ഹോളിയുടെ ഭാഗമായി ഒരു പ്രത്യേക പതിപ്പും വിൽപ്പനയ്ക്ക് എത്തുന്നു.
ഈ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്ക് വരുന്നത് ‘ഗെറുവ’ എന്ന അത്യാകർഷക നിറത്തിലാണ്. ഇന്നും നാളെയും മാത്രമായിരിക്കും ഈ നിറത്തിലുള്ള വാഹനം വിൽപനയ്ക്ക് എത്തുക. നേരത്തെ ഒല ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്കുചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഇന്ന് പ്രത്യേകം ആക്‌സസ് ലഭിക്കും.
മറ്റ് ഉപയോക്താക്കൾക്ക് എല്ലാം നാളെ (മാർച്ച് 18 )യായിരിക്കും വാങ്ങലിനുള്ള അവസരം ലഭിക്കുകയെന്നാണ് ഒല ഇലക്‌ട്രിക് അറിയിച്ചിരിക്കുന്നത്.
ഒലയുടെ എസ് 1 പ്രോ മുമ്പ് 10 നിറങ്ങളിലാണ് എത്തിയിരുന്നത്. ഇവയ്‌ക്കൊപ്പമാണ് പ്രത്യേക പതിപ്പായി ‘ഗെറുവ’ നിറവും എത്തിയിട്ടുള്ളത്.
ഒല എസ്1 പ്രോയിക്കുള്ള പുതിയ ഓർഡറുകൾ അനുസരിച്ചുള്ള ഡെലിവറി ഫ്യൂച്ചർ ഫാക്ടറിയിൽ നിന്ന് 2022 ഏപ്രിൽ മുതൽ ആരംഭിക്കും. വാഹനം ഉപയോക്താക്കളുടെ വീട്ടുപടിക്കൽ എത്തിച്ച് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയുമെന്നതാണ് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകത്.
സാധാരണ ഹോം ചാർജർ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറിൽ 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂർണമായും ചാർജ് നിറയാൻ 6.30 മണിക്കൂറാണ് എടുക്കുന്നത്.
ഒക്ടാ-കോർ പ്രോസസർ, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാർട്ട് വെഹിക്കിൾ കൺട്രോൾ യൂണിറ്റ് ഈ സ്‌കൂട്ടറിൽ നൽകിയിട്ടുണ്ട്. റിവേഴ്‌സ് പാർക്ക് അസിസ്റ്റൻസ്, ക്രൂയിസ് കൺട്രോൾ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്.