വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു എന്ന വാർത്തയോടൊപ്പം ചേർത്തുവായിച്ച ഒരു കാര്യമുണ്ട്, റിമോട്ട് കണ്ട്രോൾഡ് ഗേറ്റും, വീടിന് ചുറ്റും വലിയ ഉയരത്തില്‍ പണിതിരുന്ന വൻമതിലും കാരണം അപകടസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനായി നാട്ടുകാർക്ക് കഴിഞ്ഞില്ല… കൂടാതെ വൈകിയെത്തിയ ഫയര്‍ ഫോഴ്സും…
വായിച്ചപ്പോള്‍ ഹിന്ദി സിനിമാതാരം ജാക്കി ഷ്രോഫ് നൽകിയ ഒരു അഭിമുഖത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്യണമെന്ന് തോന്നി :
മുംബൈയിലെ ടീൻ ബട്ടിയിലെ ഒരു ഒറ്റമുറി ചാൾ ഹൗസിലാണ് (നിരവധി ആവാസ വ്യവസ്ഥകളുള്ള ഒരു കെട്ടിട സമുച്ചയം) ഞങ്ങൾ താമസിച്ചിരുന്നത്. ഞാനും അമ്മയും ചേട്ടനും അച്ഛനും ഒരേ മുറിയിലാണ് കിടന്നിരുന്നത്. എനിക്ക് രാത്രി ചുമ വന്നാൽ അമ്മ എഴുന്നേൽക്കും.അമ്മ ചുമയ്ക്കുകയാണെങ്കിൽ, ഒന്നുകിൽ എന്റെ സഹോദരനോ അച്ഛനോ എഴുന്നേൽക്കും. “ഒരു നടൻ എന്ന നിലയിൽ പണം സമ്പാദിച്ച ശേഷം, ഞാൻ ഒരു പുതിയ വീട് വാങ്ങി, ഞാൻ എന്റെ അമ്മയ്ക്ക് ഒരു കിടപ്പുമുറി നൽകി, എനിക്കും ഒരു കിടപ്പുമുറി ലഭിച്ചു. രാത്രി ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് എന്റെ അമ്മ അവരുടെ കിടപ്പുമുറിയിൽ മരിച്ചു.”
“വീട്ടിലെ പുതിയ മതിലുകൾ ഞങ്ങളെ അകറ്റി നിർത്തി. ഞങ്ങൾ പഴയ വീട്ടിൽ ആയിരുന്നെങ്കിൽ, അമ്മയ്ക്ക് രാത്രി സുഖമില്ലാതായിരുന്നപ്പോൾ, ഞാൻ ഉണർന്ന് അമ്മയെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുമായിരുന്നു. ”
“എന്റെ അമ്മയ്ക്കും എന്റെ മുറിക്കും ഇടയിൽ മതിൽ സ്ഥാപിച്ചില്ലായിരുന്നുവെങ്കിൽ, ഒരുപക്ഷെ എന്റെ അമ്മ ഇന്ന് ഞാനുമായുള്ള ഈ അഭിമുഖത്തിന്റെ ഭാഗമാകുമായിരുന്നുവെന്ന് ഞാൻ ഇപ്പോഴും കരുതുന്നു ! ആർക്കറിയാം, ഞാനന്നമ്മയെ രക്ഷിച്ചിരുന്നിരിക്കാം.
“പണമില്ലാത്തപ്പോൾ ഞങ്ങൾ രോഗത്തിലും സന്തോഷത്തിലും ഒരുമിച്ചായിരുന്നു.
പണം നമ്മള് തമ്മിലുള്ള ബന്ധങ്ങളിൽ ദൂരങ്ങളും മതിലുകളും തീർക്കുന്നു… “
പണ്ടു കാലത്ത് നാട്ടിൽ മതിലുകൾ ഇല്ലായിരുന്നു.ഇല്ലായിരുന്നു എന്നെല്ല, കന്നുകാലികളിൽ നിന്ന് കൃഷിസ്ഥലങ്ങളെ സംരക്ഷിക്കാൻ വേലികൾ ഉണ്ടാക്കിയിരുന്നു. കൈതവേലികൾ, പത്തൽ ,പട്ടിക, അലകുവാരി വേലികൾ, ചെറ്റ വേലികൾ, പനമ്പു വേലികൾ, ഷീറ്റ്, നെറ്റ്, ചാക്ക് വേലികൾ.. അങ്ങനെ പല വേലികൾ.പക്ഷെ അതൊന്നും ഇന്നത്തെപ്പോലെയുള്ള വയ്യാവേലികൾ ആയിരുന്നില്ല.ഒന്നുറക്കെ കരഞ്ഞാൽ പോലും തൊട്ടടുത്തു താമസിക്കുന്നവൻ ഇന്ന് അതറിയണമെന്നില്ല.
പിന്നീട് ഗൾഫ് ബൂം വന്നതിനു ശേഷമാണ് മതിലുകൾ പ്രചാരത്തിലായത്.അത് അയൽവാസികൾ തമ്മിലുള്ള ബന്ധത്തിന് മുറിവേൽപ്പിക്കുന്ന ‘മുള്ളുവേലി’കളുമായി.അയൽവാസിയെ കാണാതിരിക്കാനും, അയൽവാസി കാണാതിരിക്കാനും ഇന്ന് വേലിയുടെ സ്ഥാനത്ത് കൂറ്റൻ മതിലുകളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നവർക്ക് ഇത് വല്ലതും അറിയാമോ ആവോ !