കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് (ഇത് ഇന്ത്യയിലെ ആദ്യത്തേതും കൂടിയാണ്) 2020 ജനുവരി 30-ന് തൃശൂരിലാണ് സ്ഥിരീകരിച്ചത്.പക്ഷെ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കേരളം പെട്ടെന്നൊരു ഭയപ്പാടിലേക്ക് മാറിയത്.ഇവർക്കൊപ്പമായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇത്തവണത്തെ വനിതാദിന ആഘോഷം.
രാഹുലിന്റെ പോസ്റ്റ്:
കോവിഡ് ബാധിച്ച റാന്നിക്കാരിയായ മറിയാമ്മ അമ്മച്ചിയെ ഓർക്കുന്നില്ലെ? 2020 മാർച്ച് 8 ന്, വനിതാ ദിനത്തിലാണ് അമ്മച്ചിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡിനെ അതിജീവിച്ച് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ചുറുചുറുക്കോടെയിരിക്കുന്ന മറിയാമ്മ അമ്മച്ചിക്കൊപ്പമായിരുന്നു ഇത്തവണത്തെ സർവ്വദേശീയ വനിതാ ദിനത്തിൽ. അന്ന് ആ രോഗബാധയുടെ പേരിലേല്ക്കേണ്ടി വന്ന കുത്തുവാക്കുകളും, കൂരമ്പുകളുമൊന്നും അമ്മച്ചിയെ സ്പർശിച്ചിട്ട് തന്നെയില്ല….
റാന്നി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി തയ്യാറാക്കിയ കേക്ക് മുറിച്ച് അതിജീവനത്തിന്റെ രണ്ടാമാണ്ട് ആഘോഷിച്ചു… കോവിഡ് തരംഗത്തിൽ മാതൃകാപരമായ യൂത്ത് കെയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ അസംബ്ലി യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സാംജി ഇടമുറിയും സഹപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു-രാഹുൽ കുറിച്ചു.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച റാന്നി സ്വദേശികളായ 93 കാരന്‍ തോമസും അദ്ദേഹത്തിന്റെ ഭാര്യ 90 കാരി മറിയാമ്മയും കോവിഡിൽ നിന്നും സുഖം പ്രാപിച്ചതും വാർത്തയായിരുന്നു.കഴിഞ്ഞ വർഷമായിരുന്നു മറിയാമ്മയുടെ ഭർത്താവ് തോമസ് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മരിച്ചത്.