KeralaNEWS

അടിയെന്ന് കേട്ടിട്ടുണ്ടാവും.എന്താണ് “എറിഞ്ഞടി “?

നൂറു കൊല്ലം മുൻപ് വരെ ഉയർന്ന ജാതിയിൽ പെട്ടവർക്ക് മാത്രമേ വിദ്യാഭ്യാസത്തിനു അനുമതി ഉണ്ടായിരുന്നുള്ളു.സാമൂഹ്യ പരിഷ്കർത്താക്കളുടെ വളരെക്കാലത്തെ
ശ്രമ ഫലമായി പിന്നീട് എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അനുമതി ലഭിച്ചു.എങ്കിലും തീണ്ടലും , തൊട്ടുക്കൂടായ്മയും പെട്ടെന്നൊന്നും മറഞ്ഞു പോയിരുന്നില്ല.ആ കാലഘട്ടത്തിൽ സവർണരായ അധ്യാപകർ അവർണരായ വിദ്യാർത്ഥികളെ അടിക്കുന്നതിനാണ് ‘എറിഞ്ഞടി ‘ എന്ന് പറയുന്നത്.
പണ്ട് കേരളത്തില്‍ എകാധ്യാപനരീതിയായിരുന്നു. പഠിപ്പിക്കുന്ന അദ്ധ്യാപകനെ ആശാനെന്നായിരുന്നു വിളിച്ചിരുന്നത്‌. ഏതെങ്കിലും ആശാന്‍റെ കീഴിലായിരിക്കും കുട്ടിയുടെ പഠനം തുടങ്ങുന്നത്. മതപരമായ രീതിയിലായിരിക്കും വിദ്യാരംഭം. നാക്കിലെഴുത്ത്, കൈയിലെഴുത്ത്(മുല്ലാക്കമാര്‍ ഓത്തു ചൊല്ലാന്‍ വരുന്ന കുട്ടികളുടെ കൈയിലെഴുതുന്നത്) ഗണപതിയെഴുത്ത്, നിലത്തെഴുത്ത്, ഓലയിലെഴുത്ത്, കേട്ടുപഠിക്കല്‍, ചൊല്ലിപഠിക്കല്‍ ഇങ്ങനെ പഠനം മുന്നേറും.ഒടുവില്‍ ഗുരുദക്ഷിണയും , ആശാന്‍കൂലിയുമെല്ലാം ശിഷ്യൻ ആശാന് കൊടുക്കുകയും വേണം. അങ്ങനെ ഒരു ശിഷ്യനെ സംബന്ധിച്ചു എല്ലാമെല്ലാം ആശാന്മാരായിരുന്ന കാലം.
ആശാന്‍ നിശ്ചയിക്കുന്ന ഏതു ശിക്ഷയ്ക്കും ശിഷ്യൻ വിധേയനാവുകയും വേണം.ശിഷ്യനെ വിദ്യാസമ്പന്നനാക്കാന്‍ വേണ്ടി കഠിനമായ ശിക്ഷാമുറകള്‍ സ്വീകരിച്ചിരുന്ന അധ്യാപകരെ ആ കാലത്ത് കാണാമായിരുന്നു.
 തൊട്ടുകൂടായ്മയും , തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് ആശാന്‍ ശിഷ്യനെ ശിക്ഷിക്കുന്ന രീതിയിലും ഇതു പ്രകടമായിരുന്നു. “താഴ്ന്നജാതി” ക്കാരായ ശിഷ്യൻ “ഉയര്‍ന്നജാതിക്കാരനായ” ആശാന്‍റെ മുമ്പിലെത്തിയാല്‍ എന്തുചെയ്യും? അവര്‍ക്കും ആശാന്‍ “അറിവ്” പറഞ്ഞു കൊടുക്കും..!!
അങ്ങനെയുള്ള ശിഷ്യനിൽ നിന്നും ഗുരുദക്ഷിണയും , ആശാന്‍കൂലിയുമൊന്നും വാങ്ങുന്നതില്‍ “തൊട്ടുകൂടായ്മ”യും , “അശുദ്ധിയു”മൊന്നുമില്ല.എന്നാല്‍ ശിക്ഷിക്കുമ്പോള്‍ ശിഷ്യനിൽ നിന്നും ആശാനിലേക്ക് “അശുദ്ധി” പകരാന്‍ സാധ്യതയുണ്ട്.അതായത് ആശാന് മനസ്സമാധാനത്തോടുകൂടി ശിഷ്യനെ ഒന്നു ശിക്ഷിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു അന്ന്.
“ബുദ്ധിമാന്മാരായ” ആശാന്‍മാര്‍  ഇതിനും ഒരു പരിഹാരം കണ്ടിരിന്നു. അതാണ്‌ “എറിഞ്ഞടി”.  “ഉയര്‍ന്നജാതിക്കാരായ” ശിഷ്യൻമാരെ വടികൊണ്ടടിക്കുന്നതിനെ “തൊട്ടടി” എന്നു പറയും. അതായത് വടിയില്‍ തൊട്ടുകൊണ്ടുള്ള അടി. “താഴ്ന്ന ജാതിക്കാരായ” ശിഷ്യന്മാരെ ശിക്ഷിക്കുന്ന മാര്‍ഗമാണ് “എറിഞ്ഞടി”.  അടിക്കുന്ന നേരം തന്നെ ആശാന്‍ വടിയില്‍ നിന്നു പിടി വിടും. എന്നുവച്ചാല്‍ ഒരുതരം ഏറ്. എറിഞ്ഞുള്ള അടിയാണ് എറിഞ്ഞടി..!!  “അശുദ്ധി” പകരാതിരിക്കാനുള്ള  പത്തൊൻപതാമത്തെ അടവ്.
അല്ലെങ്കിലും ആശാൻമാരുടെ കൈയ്യിലാണോ അടവുകൾക്ക് ക്ഷാമം !!!

Back to top button
error: