ഏലത്തോട്ടത്തിൽ നിന്ന് ഏലം നുള്ളിയെടുത്ത് കുട്ടയിലാക്കുമ്പോഴും പാഠപുസ്തകങ്ങളിൽ നിന്ന് അക്ഷരങ്ങള നുള്ളിയെടുത്ത് ഹൃദയത്തിലാക്കാൻ സെൽവമാരി മറന്നില്ല.വണ്ടിപ്പെരിയാർ വഞ്ചിവയൽ സ്കൂളിലെ ഹൈസ്ക്കൂൾ അദ്ധ്യാപികയാണ് ഇപ്പോൾ സെൽവ മാരി.
സെൽവ മാരിയെ അച്ഛൻ ചെറുപ്രായത്തിൽ തന്നെ ഉപേക്ഷിച്ചതാണ്.തോട്ടം തൊഴിലാളിയായ അമ്മയുടെയും, അമ്മൂമ്മയുടെയും പിൻബലത്തിലായിരുന്നു സെൽവമാരിയുടെയും രണ്ട് അനുജത്തിമാരുടെയും പിന്നീടുള്ള ജീവിതം.കുമളിയിലെ വിവിധ സ്കൂളുകളിലെ വിദ്യാഭ്യാസത്തിനുശേഷം സെൽവമാരി തമിഴ്നാട്ടിൽ പ്ലസ്ടു വിനു ചേർന്നു.ഉന്നത വിജയം നേടിയതോടെ തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ബിരുദ പഠനത്തിന് ചേർന്നു. ഗണിതമായിരുന്നു വിഷയം.തമിഴ് മീഡിയത്തിൽ നിന്നുമെത്തിയതിനാൽ മലയാളം തീരെ വശമില്ലായിരുന്നു.ഇംഗ്ലീഷും അത്ര പോര.
എന്നാൽ കഠിനമായി പ്രയത്നിച്ച് ഭാഷയുടെ പ്രശ്നങ്ങൾ പരിഹരിച്ചു. ഡിഗ്രി നല്ല രീതിയിൽ പാസായി. യൂണിവേഴ്സിറ്റി കോളജിൽ നിന്ന് എം.എസ്.സി.യും നേടി.കുമളിയിലെ എംജി യൂണിവേഴ്സിറ്റി സെന്ററില് നിന്നു ബി.എഡ്, തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നിന്നു എം.എഡ്, ഒന്നാം റാങ്കോടെ എം.ഫിൽ എന്നിവ പാസായി. നിലവിൽ പി.എച്ച്.ഡി. വിദ്യാർഥികൂടിയാണ്.
പി.എസ്.സിയുടെ വനിതാ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിലാണ് സെൽവമാരിയുടെ പേര് ആദ്യം വന്നത്.അതിനോട് താത്പര്യം കുറവായതിനാൽ 2017-ലാണ് ഹൈസ്ക്കൂൾ അധ്യാപക തസ്തികയിലേക്ക് പി.എസ്.സി, പരീക്ഷ എഴുതിയത്.അധ്യാപനം ഇഷ്ടമാണെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സിവിൽ സർവ്വീസ്സ് തന്നെയാണെന്ന് സെൽവമാരി എടുത്ത് പറയുന്നു.