KeralaNEWS

ഹംപി:അതിസമ്പന്നതയിൽ നിന്ന് ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയ  സാമ്രാജ്യ തലസ്ഥാനം 

ത്തര കർണ്ണാടകയിലെ ബെല്ലാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ഹംപി. പ്രാചീന ഇന്ത്യയിലെ പ്രശസ്തമായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇത്. ഇന്ന് ഹംപിയിൽ അവശേഷിക്കുന്നത് ഒരുകാലത്ത് അതിസമ്പന്നമായിരുന്ന ഒരു സാമ്രാജ്യത്തിന്റെ, സംസ്കാരത്തിന്റെ അവശേഷിപ്പുകൾ മാത്രമാണ്.
തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഹംപിക്ക് ആ പേര് ലഭിച്ചത് തുംഗഭദ്രയുടെ പുരാതന നാമമായിരുന്ന ‘പമ്പ’യിൽ നിന്നാണ്. 1336 ൽ സ്ഥാപിക്കപ്പെട്ടെന്ന് കരുതുന്ന ഈ നഗരം അതിന്റെ ഭൂപ്രകൃതി കൊണ്ടുതന്നെ സവിശേഷമാർന്നതാണ്. കൂറ്റൻ പാറക്കല്ലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഹംപി, കോട്ട മതിലുകളാൽ മാത്രമല്ല, സവിശേഷമായ ഭൂപ്രകൃതി കൊണ്ടും ശത്രുസൈന്യങ്ങൾക്ക് അപ്രാപ്യമായിരുന്നു. 1500-1529 കാലഘട്ടത്തിൽ, കൃഷ്ണദേവരായരുടെ ഭരണകാലത്ത്, ഹംപി ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യനഗരമായിരുന്നത്രെ! ബീജിങ്ങിനു തൊട്ടുപിന്നിൽ നിൽക്കുന്ന മഹാനഗരം. ശക്തനും ബുദ്ധിമാനും കലാഹൃദയത്തിനുടമയുമായിരുന്ന കൃഷ്ണദേവരായർക്ക് കീഴിൽ ഹംപി അതിന്റെ പ്രൗഢിയുടെ ഔന്നത്യത്തിലെത്തി. തദ്ദേശീയരായ കച്ചവടക്കാർ മാത്രമല്ല, പോർച്ചുഗീസുകാരും മറ്റു യൂറോപ്യൻ വ്യാപാരികളും ഹംപിയുടെ വ്യാപാരകേന്ദ്രങ്ങൾ തേടിയെത്തിയിരുന്നു. ഹംപിയുടെ വഴിയോര വിൽപ്പനശാലകളിൽ സ്വർണ്ണം പോലും തൂക്കി വിൽക്കപ്പെട്ടിരുന്നുവെന്നത് ആ നഗരത്തിന്റെ സമ്പദ്സമൃദ്ധിയുടെ ആഴമറിയിക്കുന്നു.
 ഒരു ക്ഷേത്രനഗരി കൂടിയായിരുന്നു ഹംപി.ഹംപിയിലെ എറ്റവും പ്രശസ്തമായ വിരൂപാക്ഷക്ഷേത്രം ഇന്നും ഗതകാല പ്രൗഢിയുടെ തലയുയർത്തി നിൽക്കുന്നൊരു അവശേഷിപ്പായി നിലകൊള്ളുന്നു. വിജയ വിത്തല ക്ഷേത്രം, ലക്ഷ്മിനരസിംഹ ക്ഷേത്രം, സ്റ്റോൺ ചാരിയട്ട്, ലോട്ടസ് മഹൽ,  അച്യുതരായ ടെമ്പിൾ, ദസറ ദിബ്ബ, ഹംപി ബസാർ, ഹേമകൂടാദ്രി, ആനപ്പന്തി, ചെറുതും വലുതുമായ പുഷ്കരണികൾ എന്നിങ്ങനെ ഒരു സാമ്രാജ്യത്തിന്റെ സംസ്കാരവും സമൃദ്ധിയും വിളിച്ചോതുന്ന ഹംപിയിലെ ചരിത്ര സ്മാരകങ്ങൾ ചരിത്രാന്വേഷികളുടെ പറുദീസയാണ്. നഷ്ടപ്രതാപ കഥകൾ മാത്രമല്ല, ശിൽപകലയിലും വാസ്തുവിദ്യയിലും പ്രഗത്ഭരായിരുന്ന ഒരു ജനതയുടെ അടയാളപ്പെടുത്തലുകൾ കൂടിയാണ് ഹംപിയിലെ അവശേഷിപ്പുകൾ. ഏകദേശം നാലായിരം ഹെക്ടറോളം പരന്നു കിടക്കുന്ന ഹംപിയിലെ അവശേഷിപ്പുകളിൽ പലതും വർഷങ്ങളോളം മണ്ണിനടിയിലായിരുന്നു. വളരെ കൃത്യമായ ആസൂത്രണത്തോടെ നിർമ്മിക്കപ്പെട്ട ഈ നഗരം ഇന്ന് യുനെസ്‌കോയുടെ ലോകപൈതൃകപ്രദേശങ്ങളിലൊന്നാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്രാന്വേഷകരേയും ഫോട്ടോഗ്രാഫർമാരെയും യാത്രികരെയും ഹംപിയിൽ കാണാൻ കഴിയും.ചരിത്രമുറങ്ങുന്ന ഹംപി ആരെയും ത്രസിപ്പിക്കും.പക്ഷെ ഹംപിയിലെ കാഴ്ചകൾ നിങ്ങളിൽ ആശ്ചര്യത്തോടൊപ്പം നൊമ്പരവുമുണർത്തും. അതിസമ്പന്നതയിൽ നിന്ന് ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയ ഒരു പ്രദേശത്തിന്റെയും ജനതയുടെയും ദൈന്യതയാർന്ന മുഖം മനസ്സിലൊരു വിങ്ങലായിത്തന്നെ അവശേഷിക്കും. അക്രമികളും കൊള്ളസംഘങ്ങളും നശിപ്പിച്ചത് ഹംപിയുടെ സമ്പത്ത് മാത്രമല്ല, ഒരു ജനതയുടെ സംസ്കാരവും പൈതൃകവും കൂടിയാണ്.

Back to top button
error: