ഇന്ത്യന്‍ പെണ്‍പടയ്ക്ക് കരുത്തേകിയത് പൂജ – റാണ സഖ്യം
മൗണ്ട് മംഗനൂയി: ബദ്ധ വൈരികള്‍ക്കു മുന്നില്‍ പതറിയ ഇന്ത്യപെണ്‍പടയ്ക്ക് കരുത്തേകിയത് പൂജ റാണ സഖ്യം. നേരത്തെ, കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ ടീം ഇന്ത്യയ്ക്ക് ആറാം വിക്കറ്റിലെ തകര്‍പ്പന്‍ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജാ വസ്ത്രാകാര്‍ സ്‌നേഹ് റാണ എന്നിവരാണ് രക്ഷകരായത്. അര്‍ധസെഞ്ചുറികളുമായി ഇരുവരും താങ്ങായതോടെ, മൗണ്ട് മംഗനൂയിയിലെ ബേ ഓവലില്‍ ബദ്ധ വൈരികള്‍ക്കു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് 245 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 244 റണ്‍സെടുത്തത്.
21.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സുമായി മികച്ച നിലയിലായിരുന്ന ഇന്ത്യ, പിന്നീട് 18 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയതാണ്. നാലു റണ്‍സിനിടെ ഒരു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റില്‍ 114 പന്തില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ മിതാലി രാജ് ദീപ്തി ശര്‍മ സഖ്യമാണ് ആദ്യം രക്ഷകരായത്. എന്നാല്‍ ക്യാപ്റ്റന്‍ മിതാലി രാജും ഹര്‍മന്‍പ്രീത് കൗറും ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയതോടെ 33.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു. ഇതിനുശേഷമാണ് ഏഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജ സ്‌നേഹ് സഖ്യം ടീമിന്റെ രക്ഷകരായത്.
59 പന്തില്‍ എട്ടു ഫോറുകളോടെ 67 റണ്‍സെടുത്ത പൂജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 48 പന്തില്‍ നാലു ഫോറുകള്‍ സഹിതം 53 റണ്‍സുമായി സ്‌നേഹ് റാണ ഉറച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായ ആറാം വിക്കറ്റില്‍ പൂജ സ്‌നേഹ് സഖ്യം ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത് 122 റണ്‍സാണ്! വെറും 96 പന്തില്‍നിന്നാണ് ഇരുവരും 122 റണ്‍സ് അടിച്ചുകൂട്ടിയത്.
ഇന്ത്യയ്ക്കായി ഓപ്പണര്‍ സ്മൃതി മന്ഥനയും അര്‍ധസെഞ്ചുറി നേടി. 75 പന്തുകള്‍ നേരിട്ട സ്മൃതി മൂന്നു ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു. 57 പന്തില്‍ രണ്ടു ഫോറുകളോടെ 40 റണ്‍സെടുത്ത ദീപ്തി ശര്‍മയുടെ പ്രകടനവും ശ്രദ്ധേയമായി. അതേസമയം, ഓപ്പണര്‍ ഷഫാലി വര്‍ണ (ആറു പന്തില്‍ 0), ക്യാപ്റ്റന്‍ മിതാലി രാജ (36 പന്തില്‍ 9), ഹര്‍മന്‍പ്രീത് കൗര്‍ (14 പന്തില്‍ അഞ്ച്), റിച്ച ഘോഷ് (അഞ്ച് പന്തില്‍ ഒന്ന്) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ജുലന്‍ ഗോസ്വാമി മൂന്നു പന്തില്‍ ഒരു ഫോര്‍ സഹിതം ആറു റണ്‍സുമായി പുറത്താകാതെ നിന്നു.
പാക്കിസ്ഥാനായി നഷ്‌റ സന്ധു 10 ഓവറില്‍ 36 റണ്‍സ് വഴങ്ങിയും നിദ ദാര്‍ 10 ഓവറില്‍ 45 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഡയാന ബെയ്ഗ്, അനം അമീന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.