IndiaSports

പാക്കിസ്ഥാനെ എറിഞ്ഞ് തകര്‍ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് വിജയത്തുടക്കം

മൗണ്ട് മംഗനൂയി: ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയും ശക്തമായ തിരിച്ചുവരവും കണ്ട മത്സരത്തില്‍ 107 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 244 റണ്‍സ്. പാക്കിസ്ഥാന്‍ വനിതകളുടെ മറുപടി 43 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.

പാക്കിസ്ഥാനെതിരായ ഉജ്വല വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കും ആദ്യ കളിയിലെ ജയത്തിലൂടെ രണ്ടു പോയിന്റ് വീതമുണ്ടെങ്കിലും റണ്‍റേറ്റിലെ മികവാണ് ഇന്ത്യയെ ഒന്നാമതു നിര്‍ത്തുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 10ന് ആതിഥേയരായ ന്യൂസീലന്‍ഡിനെതിരെ ഹാമില്‍ട്ടനിലാണ്.

10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. സ്‌നേഹ് റാണ 9 ഓവറില്‍ 27 റണ്‍സ് വഴങ്ങിയും ജുലന്‍ ഗോസ്വാമി 10 ഓവറില്‍ 26 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റു വീതം സ്വന്തമാക്കി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകള്‍ ദീപ്തി ശര്‍മ, മേഘ്‌ന സിങ് എന്നിവര്‍ പങ്കിട്ടു. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍നിന്നു കരകയറ്റാന്‍ നേതൃത്വം നല്‍കിയ പൂജാര വസ്ത്രാകാറാണ് കളിയിലെ താരം.

64 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത ഓപ്പണര്‍ സിദ്ര അമീനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ജാവേരിയ ഖാന്‍ (28 പന്തില്‍ 11), ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (25 പന്തില്‍ 15), ആലിയ റിയാസ് (23 പന്തില്‍ 11), ഫാത്തിമ സന (35 പന്തില്‍ 17), സിദ്ര നവാസ് (19 പന്തില്‍ 12), ഡയായ ബെയ്ഗ് (35 പന്തില്‍ 24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഒമൈമ സുഹൈല്‍ (നാലു പന്തില്‍ അഞ്ച്), നിദ ദാര്‍ (10 പന്തില്‍ നാല്), നഷ്‌റ സന്ധു (0) എന്നിവര്‍ നിരാശപ്പെടുത്തി. അനം അമീന്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

Back to top button
error: