KeralaNEWS

വട്ടവട:കേരളത്തിനുള്ളിലെ തമിഴ് ഗ്രാമം

ടുക്കിയിലാണെങ്കിലും വട്ടവട ​ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിലാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഈ ​ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ ഏറ്റവും മികച്ച പച്ചക്കറികളും പഴങ്ങളുമാണ്.സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്.വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല.കാടിനോടിട ചേർന്ന് പലവർണത്തിലുളള കൃഷിയിടങ്ങൾ ദൂരക്കാഴ്ച്ചയിൽ മനോഹരമായൊരു എണ്ണഛായാചിത്രം പോലെ തോന്നിക്കും.യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങൾ ധാരാളമുളള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും കാണാം.പ്രകൃതിഭം​ഗി ആസ്വദിച്ചുളള കാൽനട യാത്രയ്ക്ക് ഇടുക്കിയിൽ ഇതുപോലെ മനോഹരമായ മറ്റൊരു സ്ഥലമില്ല എന്നുവേണമെങ്കിൽ പറയാം.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട.ഇടുക്കിയിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്.വാഹനസൗകര്യം കുറവായതിനാൽ കോവർ കഴുതകളെ ഉപയോഗിച്ചാണ് ഇവിടെ സാധനങ്ങൾ നീക്കുന്നത്.പാമ്പാടുംചോല നാഷണൽ പാർക്ക്, കമ്പക്കല്ലാർ, ആനമുടി ചോല എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.കാന്തല്ലൂർ പഞ്ചായത്ത്തിനു പുറമെ തമിഴ്‌നാട്ടിലെ തേനി ജില്ലയുമായി  വട്ടവട അതിർത്തി പങ്കിടുന്നു.
പ്രകൃതിഭംഗി കൊണ്ട് നമ്മുടെ മനസുകവരുന്ന ഒരു സുന്ദരിയാണ് വട്ടവട. പാതയുടെ ഇരുവശവും ആകാശത്തെ കൈനീട്ടി തൊടാനെന്ന പോലെ നിൽക്കുന്ന  പൈൻ മരക്കാടുകൾ താണ്ടിയുള്ള വട്ടവട യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും.പച്ചക്കറി തോട്ടങ്ങളാണ് വട്ടവടയിലെ പ്രധാന ആകർഷണം.ഓരോ സീസൺ അനുസരിച്ചുള്ള പച്ചക്കറികളും പഴങ്ങളും ഓരോ കൃഷിയിടത്തിലും വിളഞ്ഞു നിൽക്കുന്നതു കാണാം. മൂന്നു സീസൺ ആയാണ് ഇവിടെ പച്ചക്കറികൾ കൃഷി ചെയ്യുന്നത്.തമിഴും മലയാളവും ഇടകലർത്തി സംസാരിക്കുന്ന ഒരു ഗോത്രജനതയാണ് വട്ടവടയിലെ തദ്ദേശീയർ.
മനസുനിറഞ്ഞയായിരിക്കും ഓരോ സഞ്ചാരിയും വട്ടവടയിൽ നിന്നും മടങ്ങാറ്, കാരണം പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സൗന്ദര്യമുണ്ട് ഈ നാടിന്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയും കാണാനുള്ള ഒരു യാത്രയ്ക്കാണ് തയാറെടുക്കുന്നതെങ്കിൽ വട്ടവട ഒരിക്കലും ആരെയും നിരാശരാക്കില്ല.
മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, ഓറഞ്ചും കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ രൂപത്തിലുള്ള കൃഷിപാടങ്ങളും, വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങളും, മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുക് പാടങ്ങളുമുള്ള പശ്ചിമഘട്ട മലനിരകളുടെ നിഴല്‍ ചേർന്ന് മൂന്നാറിന്റെ തണുപ്പേറ്റ് കേരളത്തിനകത്ത് നിലകൊള്ളുന്ന ഒരു തമിഴ് ഗ്രാമമാണ് ഒറ്റവാക്കിൽ പറഞ്ഞാൽ വട്ടവട.
 
മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍.ഈ തണുപ്പും, പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍. ആധുനിക കാര്‍ഷിക രീതികള്‍ വട്ടവടയിലെ കര്‍ഷകര്‍ക്ക് അറിയില്ല. പാരമ്പര്യ കൃഷിരീതികളാണ് അവര്‍ പിന്തുടരുന്നത്.കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ആസ്വദിക്കുക മാത്രമല്ല വിലക്കുറവിൽ നല്ലൊന്നാന്തരം പച്ചക്കറികളും പഴങ്ങളും ഇവിടെ നിന്ന് വാങ്ങുകയും ചെയ്യാം എന്നതും മറ്റു പ്രദേശങ്ങളിൽ നിന്നും വട്ടവടയെ വിത്യസ്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: