തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി എഴുത്തുകാരി കെ.ആർ.മീര
തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട ഉപദേശം വെളിപ്പെടുത്തി എഴുത്തുകാരി കെ.ആർ.മീര. സാഹിത്യകാരൻ ആനന്ദ് നൽകിയ ആ ഉപദേശമാണ് ഇപ്പോൾ അവർ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
മീര പറയുന്നു :
“രണ്ടായിരത്തിപ്പത്തിൽ ഒരു മീറ്റിങ്ങിൽ വച്ചു കണ്ടപ്പോൾ ‘ആൾക്കൂട്ട’ത്തിന്റെയും ‘മരുഭൂമികൾ ഉണ്ടാകുന്നതി’ന്റെയും ‘ഗോവർധന്റെ യാത്രകളു’ടെയും എഴുത്തുകാരൻ, മലയാളത്തിന്റെ ബർഹസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ശ്രീ ആനന്ദ് ഒരു ഉപദേശം തന്നു:
‘എഴുതാനുള്ളതൊക്കെ ആരോഗ്യമുള്ള കാലത്തുതന്നെ എഴുതിത്തീർക്കുക’
മുൻഗാമികളായ എഴുത്തുകാരിൽ അദ്ദേഹം മാത്രമേ എഴുത്തു സംബന്ധിച്ച് എന്തെങ്കിലും ഒരു ഉപദേശം നൽകിയിട്ടുള്ളൂ.
(അതിന് ഒരു കൊല്ലം മുമ്പ് സാക്ഷാൽ കമല സുരയ്യ ഒരു മുന്നറിയിപ്പു തന്നിട്ടുണ്ട്:
‘അധികം എഴുതണ്ടട്ടോ. ഇവിടുള്ളോര് ദുഷ്ടൻമാരാ. അവർക്കു വേണ്ടി ഒരിക്കലും എഴുതരുത്’)
ആനന്ദ് സാറിന്റെ ഉപദേശത്തിന്റെ വില മനസ്സിലായത് ‘ആരാച്ചാർ’ എഴുതിയ കാലത്താണ്.
വർഷങ്ങൾക്കു ശേഷം, ‘ഘാതക’നും ‘കഥയെഴുത്തും’ ‘ഖബറും’ ‘കലാച്ചി’ യുടെ ഒരു ഭാഗവും പിന്നിടുമ്പോൾ, അനുഭവപ്പെടുന്ന തീവ്രയാതനയിൽ ആ വാക്കുകളുടെ വ്യാപ്തി കൂടുതൽ വ്യക്തമാകുന്നു.
പിന്നാലെ വരുന്നവരോട് ഞാനും അത് ആവർത്തിക്കുന്നു
-എഴുതാനുള്ളതൊക്കെ ആരോഗ്യമുള്ള കാലത്തുതന്നെ എഴുതിത്തീർക്കുക.
ആരോഗ്യമെന്നാൽ എന്തിനെക്കുറിച്ചെങ്കിലുമൊക്കെ സന്തോഷിക്കാനുള്ള ശേഷികൂടിയാണ്.”.