KeralaNEWS

കെ.സുധാകരൻ- വി.ഡി സതീശൻ അച്ചുതണ്ടിനെതിരെ എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ രാഘവന്‍ എന്നിവർ രംഗത്ത്, സുധാകരൻ രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ രാഘവന്‍ എന്നിവരുടെ പരാതിയെ തുടർന്നാണ് കോണ്‍ഗ്രസ് പുനഃസംഘടന നിര്‍ത്തിവെക്കാന്‍ കെ.പി.സി.സിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നൽകിയത്. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറാണ് കെ.പി.സി.സി.സി പ്രസിഡന്റ് സുധാകരന് നിര്‍ദേശം നല്‍കിയത്.

ഡി.സി.സി ഭാരവാഹികളുടെ പട്ടിക അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വിഭാഗീയതയുടെ പേരില്‍ ഹൈക്കമാന്‍ഡ് നടപടി.

Signature-ad

പുനഃസംഘടന ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വം അനര്‍ഹര്‍ക്കാണ് ലഭിക്കുന്നതെന്നുമാണ് എം.പിമാര്‍ പരാതിപ്പെട്ടത്. സമവായ നീക്കങ്ങള്‍ ഒന്നും പരിഗണിക്കാതെ കെ. സുധാകരനും വി.ഡി സതീശനും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ തന്നെ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

ഇതിനിടെ കെ.പി.സി.സി പുനഃസംഘടന നിര്‍ത്തിവച്ചതില്‍ കെ.സുധാകരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കടിച്ചുതൂങ്ങാനില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ രാജി സന്നദ്ധത അറിയിച്ചു കൊണ്ട് ഹൈക്കമാന്‍ഡിന് കത്തയച്ചു. ഇതിനു പിന്നാലെ പരാതി ഉന്നയിച്ചവരെ കേട്ടശേഷം മാത്രമാണ് പുനഃസംഘടനയെന്ന് എ.ഐ.സിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സിയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ കെ.സി വേണു ഗോപാലിനെതിരെയും നീക്കം ശക്തം.
കെ.സി വേണു ഗോപാൽ പുനഃസംഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഹൈക്കമാന്‍റിന് പരാതി ലഭിച്ചു.

ഗ്രൂപ്പ് ഉണ്ടാക്കാൻ കെ സി ശ്രമിക്കുന്നുവെന്നും അനുകൂലികളെ ഭാരവാഹികളാക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്നുമാണ് പരാതി. കെ.പി.സി.സി മുന്‍ ഭാരവാഹികളാണ് പരാതി ഉന്നയിച്ചത്.

അതേ സമയം പുനഃസംഘടനയിൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനും അതൃപ്തിയുണ്ട്. എം.പിമാരുൾപ്പെടെ ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്നും പുനഃസംഘടനയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് വിലയിരുത്തൽ.

ഈ പശ്ചാത്തലത്തിൽ താരിഖ് അൻവർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. അനർഹരായവരെ കെ സുധാകരൻ അന്യായമായി തിരുകിക്കയറ്റുന്നുവെന്നാണ് പരാതി. മുതിർന്ന നേതാക്കളുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം മാത്രമാകും ഇനി പുനഃസംഘടനയുമായി മുന്നോട്ട് പോകുക എന്ന നിലപാടിൽ താരിഖ് അൻവർ ഉറച്ചു നിൽക്കുന്നത് കെ സുധാകരന് വൻ തിരിച്ചടിയായി.

Back to top button
error: