ഇന്ന് ദേശീയ ശാസ്ത്രദിനം. സി വി രാമൻ ശാസ്ത്രലോകത്തിനു നൽകിയിട്ടുള്ള സംഭാവനകളെ ഓർക്കുന്നതിനു വേണ്ടിയിട്ടാണ് 1987 മുതൽ എല്ലാവർഷവും ഫെബ്രുവരി 28 ശാസ്ത്ര ദിനമായി ആഘോഷിച്ചു വരുന്നത്.1928 ൽ ഇതേ ദിനമാണ് സിവി രാമൻ,’ രാമൻ പ്രഭാവം’ കണ്ടുപിടിച്ചത്.സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സംയോജിത സമീപനം എന്നതാണ് 2022 ലെ ശാസ്ത്ര ദിന ചിന്താവിഷയം.
സി വി രാമൻ എന്ന ശാസ്ത്രജ്ഞൻ ഇന്ത്യൻ ശാസ്ത്രത്തെ തന്നെ മാറ്റി മറിച്ചു. സി വി രാമൻ എന്ന പ്രതിഭയ്ക്ക് ശാസ്ത്ര ലോകത്തോടുള്ള ബന്ധം അത്രമാത്രം വലുതായിരുന്നു.
1955 ൽ ആൽബർട്ട് ഐൻസ്റ്റീന്റെ വിയോഗം ഞെട്ടലോടെയാണ് ശാസ്ത്രലോകം ഉൾക്കൊണ്ടത്. ജർമ്മനിയിൽ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ലോകത്തിന്റെ മറുഭാഗത്ത് ഇന്ത്യൻ ശാസ്ത്രജ്ഞൻ സി വി രാമൻ തന്റെ തല മുണ്ഡനം ചെയ്താണ് അതിന്റെ ഭാഗമായത്. ഹിന്ദു മതാചാരപ്രകാരം പിതാവ് മരിക്കുമ്പോൾ മകൻ ചെയ്യുന്ന കർമ്മമാണിത്.
1921 ഇൽ ലണ്ടനിലേക്കുള്ള കപ്പൽ യാത്രയിലാണ് എങ്ങനെ കടലിനു നീലനിറം ലഭിച്ചുവെന്ന ചിന്ത സിവി രാമനുണ്ടാകുന്നത്. ഈ ചിന്ത ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസം കണ്ടെത്തുന്നതിനു നിമിത്തമായി. രാമൻ പ്രഭാവം എന്നു പേർ വിളിക്കുന്ന ഈ പ്രതിഭാസം പിൽക്കാലത്ത് വലിയ ശാസ്ത്ര ഗവേഷണങ്ങളുടെ മാതാവായി. 1930 ൽ ഭൗതിക ശാസ്ത്രത്തിൽ നോബൈൽ സമ്മാനം ലഭിക്കുവാൻ കാരണമായത് രാമൻ പ്രഭവമാണ്. 1954 ൽ രാജ്യം സിവി രാമനെ ഭാരത് രത്‌ന നൽകി ആദരിച്ചു.
അന്ധവിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന ഇന്നത്തെ ഇന്ത്യൻ നേതാക്കൾക്ക് ഒരു വെല്ലുവിളിയാണ് സി. വി രാമനും ശാസ്ത്രദിനവും. ശാസ്ത്രലോകത്തിന് ധാരാളം സംഭാവനകൾ നൽകിയ ഇന്ത്യയിൽ ഇന്ന് ഭരിക്കുന്നവർ തന്നെ അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ലജ്ജാകരമായ വസ്തുതയാണ്. കോവിഡ് കാലത്ത് എത്രമാത്രം അബദ്ധങ്ങളാണ് ഇവിടെ അരങ്ങേറിയത്, ആശാസ്ത്രിയതയും അന്ധവിശ്വാസവും തന്നെ.
രാജ്യത്തിന്റെ സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സംയോജിത സമീപനം ആഹ്വാനം ചെയ്തിരിക്കുന്ന അവസരത്തിൽ നമ്മുടെ കണ്ണുകൾ തുറക്കട്ടെ.ശാസ്ത്രസത്യങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കട്ടെ.