NEWSWorld

ദുരിതപർവ്വങ്ങൾ താണ്ടി വിദ്യാർത്ഥികൾ ജന്മനാട്ടിലെത്തി

തിരുവനന്തപുരം: പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കുമിടയിൽ, യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികൾ കേരളത്തിലെത്തി തുടങ്ങി. ഇന്ന് 82 വിദ്യാർഥികൾ ജന്മനാടിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് വൈകിട്ട് ആറരയോടെ 19 പേർ വിമാനമിറങ്ങി. തുടർന്ന് രാത്രി എട്ടരയോടെ ആറു പേർ എത്തി.

മന്ത്രി പി.രാജീവ് നെടുമ്പാശേരിയിലും മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, നോർക്ക ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവർ തിരുവനന്തപുരത്തും വിദ്യാർഥികളെ സ്വീകരിച്ചു. തിരികെയെത്തുന്ന എല്ലാ വിദ്യാർഥികൾക്കു യാത്രാ സൗകര്യം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രെയ്നിൽനിന്നുള്ള മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കാൻ വേണ്ട ആശയവിനിമയം കേന്ദ്രസർക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

Signature-ad

തിരുവനന്തപുരത്തെത്തിയത് 25 മലയാളി വിദ്യാർഥികളാണ്. ഡൽഹിയിൽനിന്നും ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് വന്നത്.
ആദ്യ വിമാനത്തിൽ മുംബൈയിൽ നിന്നുള്ള 11 പേരും ഉൾപ്പെട്ടിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയവരിൽ രണ്ടു പേർ ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലക്കാരാണ്.
ഒട്ടേറെ വിദ്യാർഥികൾ ഇനിയും  കുടുങ്ങിക്കിടക്കുകയാണെന്ന് മടങ്ങി എത്തിയവർ പറഞ്ഞു. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് യുക്രെയ്നിൽനിന്നും വിമാനം കയറിയത്.
രക്ഷിതാക്കളും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് വിദ്യാർഥികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എത്തിയിരുന്നത്. ശനിയാഴ്ച രാത്രി മുംബൈയിൽ എത്തിയ വിദ്യാർഥികളെ നോർക്കയുടെ മേൽനോട്ടത്തിലാണ് നാട്ടിലെത്തിച്ചത്.
ഇന്നലെ അർദ്ധരാത്രിയോടെ മുംബൈയിലെത്തിയ ആദ്യവിമാനത്തിൽ 27 മലയാളികളടക്കം 219 പേരാണ് ഉണ്ടായിരുന്നത്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ഇവരെ സ്വീകരിച്ചു. റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്നാണ് ആദ്യ സംഘമെത്തിയത്.
റൊമാനിയയിൽ നിന്നുള്ള രണ്ടാം വിമാനം പുലർച്ചെ 1.30ന് ഡൽഹിയിലെത്തി. വിമാനത്തിൽ 17 മലയാളികളാണുണ്ടായിരുന്നത്.

ഇന്ത്യൻ എംബസിയുടെ നിർദ്ദേശമനുസരിച്ച് പോളണ്ട് അതിർത്തിയിലെത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധികളാണ് നേരിട്ടത്.
ഇരുപത്തിയെട്ട് കിലോമീറ്ററുകളോളം, 12 മണിക്കൂറെടുത്ത് നടന്നെത്തിയ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈൻ ആദ്യം അനുവദിച്ചില്ല. മാത്രമല്ല അതിർത്തിയിൽ എംബസി അധികൃതർ കുറ്റകരമായ അനാസ്ഥയാണ് പുലർത്തിയത്. കൊടും തണുപ്പിൽ മണിക്കൂറുകളോളം നടന്നതിന്റെ ആരോഗ്യ പ്രശ്നങ്ങളും 12 മണിക്കൂറിലേറെയായി ആഹാരം കഴിക്കാത്തതിൻ്റെ ദുരിതങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു.

ഇതിനിടെ യുക്രൈനിൽ കുടുങ്ങിയവർക്കായി ഇന്ത്യൻ എംബസി ഒന്നും ചെയ്യുന്നില്ലെന്ന് യുക്രൈയിനിൽ കുടുങ്ങിയ വിദ്യാർഥികളുടെ രക്ഷിതാക്കൾ തൃശൂരിൽ പരാതിപ്പെട്ടു.
ഭക്ഷണവും വെള്ളവും ഇല്ലാതെ കുട്ടികൾ വലയുകയാണ്. നിർദേശം ലഭിച്ചതനുസരിച്ച് പോളണ്ടിലേക്ക് രാവിലെ ഒമ്പതോടെ യാത്ര തിരിച്ച ഇരുപതോളം കുട്ടികൾ റവറസ ബോർഡറിൽ എത്തി. പക്ഷേ, ഷഹനായി എന്ന ബോർഡറിലാണ് പോകേണ്ടതെന്നാണ് പിന്നീട് അറിഞ്ഞത്. കിലോമീറ്ററുകൾ നടന്നാണ് ഇത്രയും ദൂരമെത്തിയത്. രക്ഷപ്പെടുത്താനോ സഹായിക്കാനോ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ല. കടുത്ത മഞ്ഞും തണുപ്പുമാണ്. ബോർഡറിന് 15 കിലോമീറ്റർ അകലെ ഒരു സ്കൂളിൽ നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
എംബസി അധികൃതർ മാറ്റിമാറ്റി പറയുന്നു. ആദ്യം ബോർഡറിലേക്ക് എത്താൻ നിർദേശം നൽകി. പിന്നീട് ബോർഡറിലേക്ക് എത്തേണ്ടതില്ല ഉള്ള സ്ഥലത്ത് തന്നെ തുടരാൻ പറഞ്ഞു. പോളണ്ട് അതിർത്തിയിൽ ഷഹനായിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നു എന്നും അടിയന്തര രക്ഷാ പ്രവർത്തനം നടത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18,000ത്തോളം പേരാണ് യുക്രൈനിലെ വിവിധ ഭാഗങ്ങളിലുള്ളത്. എന്നാല്‍, യുക്രൈന്‍ അതിര്‍ത്തികടക്കുക എന്നത് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കിഴക്കന്‍ യുക്രൈന്‍ മേഖലകളില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ ദുരിതം. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഇവിടങ്ങളില്‍ നിന്ന് രക്ഷാദൗത്യം നടക്കുന്ന പ്രദേശങ്ങളിലേക്ക് എത്തേണ്ടത് പോരാട്ടം രൂക്ഷമായ മേഖലകളിലൂടെയാണ് എന്നതും സാഹചര്യങ്ങള്‍ രൂക്ഷമാക്കുന്നത്. വാഹനങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു. സ്വകാര്യ വാഹനങ്ങളില്‍ പോളണ്ട്, റുമാനിയ അതിര്‍ത്തികളില്‍ എത്തുക എന്നതും വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
പല സ്ഥലത്തും ബസ്, ട്രയിന്‍ സര്‍വീസുകളില്ല. സ്വകാര്യ ടാക്‌സികളും മറ്റും വലിയ പണം ഈടാക്കുന്നതായും ആരോപണമുണ്ട്.

Back to top button
error: