ആൻസി കബീറും അഞ്ജനയും നൽകുന്ന അപകടസൂചനകൾ
നല്ല നടപ്പ്: പ്രവീൺ ഇറവങ്കര
ആൻസി കബീറും അഞ്ജനയും…
വിടരാതെ കൊഴിഞ്ഞ ആ രണ്ട് പനിനീർ മൊട്ടുകളെ ഓർമ്മയില്ലേ…?
2021 നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ നാം നിലവിളിച്ചുണർന്നത് ആ സുന്ദരിക്കുട്ടികളുടെ മരണ വാർത്ത കേട്ടു കൊണ്ടാണ്.
ഒരാൾ മിസ് കേരള, മറ്റെയാൾ റണ്ണറപ്പ് !
അന്വേഷണം ഒരു വെറും റോഡ് അപകടത്തിനപ്പുറം മദ്യവും മയക്കുമരുന്നും കൂടിക്കലർന്ന ലഹരിയുടെ ചില അറിയാക്കഥകളിലേക്ക് നമ്മെ നയിച്ചു.
സത്യം ഇനിയും തെളിയാനും അറിയാനുമിരിക്കുന്നതേയുളളു.
ആൻസിയെയും അഞ്ജനയെയും അത്തരം അവിശുദ്ധികളുമായി ചേർത്തു വായിക്കാൻ നമുക്ക് താല്പര്യമില്ല.
കാരണം അവർ നമ്മുടെ വീട്ടിലെ കുട്ടികളാണ്.
അവർ ഇപ്പൊഴും പനിനീർ മഴ പൊഴിച്ച് പുഞ്ചിരിക്കുന്നത് നമ്മുടെ ഇടനെഞ്ചിലാണ്.
എന്നാലും കാര്യമൊന്നുമില്ലാതെ ഇങ്ങനൊരു വാർത്ത എങ്ങനുണ്ടായി…?
അന്നു രാത്രി അവർ മരണത്തിലേക്ക് യാത്ര പുറപ്പെട്ട ‘നമ്പർ 18’ ഹോട്ടലിൽ എങ്ങനെ 5 കോടി രൂപയുടെ മയക്കുമരുന്ന് എത്തിച്ചേർന്നു ?
ഹോട്ടൽ മുതൽ മരണ മുനമ്പോളം അവരെ പിൻതുടർന്ന ഓഡി കാറിന്റെ യഥാർത്ഥ കഥ എന്താണ് ?
കേസ് അതിന്റെ വഴിക്ക് നടക്കട്ടെ.
സത്യം തെളിയുകയോ തെളിയാതിരിക്കുകയോ ചെയ്യട്ടെ.
പത്രവാർത്തകളുടെ ഒന്നാം പേജിനും ചാനൽ പ്രൈമിനും ഈ പെൺമുഖങ്ങൾ അപ്രസക്തരും അപ്രത്യക്ഷകളുമാവട്ടെ !
പക്ഷേ അവർ അവശേഷിപ്പിച്ച ചോദ്യങ്ങളും അവരെയോർത്ത് കരഞ്ഞു തീരാത്ത രണ്ടു കുടുംബങ്ങളും ഇവിടെയുണ്ടെന്നോർക്കണം.
അത് രണ്ടു വെറും കുടുംബങ്ങളല്ലെന്നും ലഹരികഥയിൽ നീതി കിട്ടാതെ ദുരൂഹത ബാക്കി വെച്ചു പോയ പതിനായിരങ്ങളുടെ ഹൃദയസ്പന്ദനങ്ങളാണെന്നും നാം മറക്കരുത്.
നമ്മുടെ മക്കളെ ബാധിച്ച മയക്കുമരുന്ന് ദുരന്തമറിയാൻ കപ്പൽ കയറി ഷാരൂഖിന്റെ മകൻ ആര്യൻ ഖാന്റെ അടുത്തു വരെയൊന്നും പോകണ്ട.
നമ്മുടെ കൊച്ചു കൊച്ചൊരു കൊച്ചി വളരെ പോയാ മതി.
2022 പിറന്ന ശേഷം ഈ 2 മാസം കൊണ്ട് 4000 കോടിയുടെ മയക്കുമരുന്നാണ് കൊച്ചിയിൽ മാത്രം പിടിച്ചെടുത്തത്.
368 കേസുകളും രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
കഞ്ചാവും ബ്രൗൺഷുഗറും എം.ഡി.എം.എയും ഹാഷിഷും ഓയിലും എൽ.എസ്.ഡി സ്റ്റാമ്പും സിന്തറ്റിക് പശയും എന്നു വേണ്ട ലോകത്തുളള മുഴുവൻ ലഹരിയും അറബിക്കടലിന്റെ റാണിയായി വിലസുന്ന നമ്മുടെ സുന്ദരിക്കൊച്ചിയിൽ സുലഭമായി കിട്ടുമെന്നാണ് കരക്കമ്പി.
സിന്തറ്റിക് പശയിലോളിച്ചിരിക്കുന്ന ആരോമാറ്റിക് അനിലിൻ ഡൈ ആറുമാസം അടുപ്പിച്ച് ശ്വസിച്ചാൽ അന്ധത അല്ലെങ്കിൽ മരണം ഗ്യാരന്റിയാണെന്ന് വൈദ്യശാസ്ത്രം കട്ടായം പറയുന്നു.
എന്നിട്ടും ഒക്കെ അറിഞ്ഞു വെച്ചു കൊണ്ട് സിനിമാക്കാരും കായികതാരങ്ങളും ഒരു താരവുമല്ലാത്തവനും എന്തിന് ഡോക്ടർമാർ പോലും ആൺ പെൺ ഭേദമന്യേ ഈ സാമാനങ്ങളൊക്കെ വലിച്ചു കയറ്റുകയാണ്…!
അന്തർസംസ്ഥാന മയക്കുമരുന്ന് വ്യാപാരം കൂടാതെ മലേഷ്യ, ഫിലിപ്പിയൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുളള ലഹരികടത്തും കൊച്ചി കേന്ദ്രീകരിച്ചാണത്രെ നടക്കുന്നത്.
മലയാളിയായതിൽ അഭിമാനിക്കാൻ ഇതിലേറെ എന്തു വേണം നമുക്ക്…?
നെർക്കോട്ടിക് നിയമങ്ങളാൽ സമൃദ്ധമാണ് നമ്മുടെ കൊച്ചു കേരളം.
കേസുകൾ പിടിക്കാനും തെളിയിക്കാനും ശിക്ഷിക്കാനും നമ്മുടെ സംവിധാനങ്ങൾ സദാ ജാഗരൂകരുമാണ്.
പക്ഷേ അതുകൊണ്ടൊന്നും ഈ ചെകുത്താനിൽ നിന്ന് നമ്മുടെ യുവതയെ രക്ഷിക്കാനാവുമെന്നു തോന്നുന്നില്ല.
കത്തിക്കയറി പടർന്നുപന്തലിച്ച് അത്യാധുനീകരായ നമ്മൾ ഇനി മടങ്ങി വരേണ്ടത് നമ്മുടെയൊക്കെ കുടുംബങ്ങളിലേക്കു തന്നയാണ്.
കൂടുമ്പോൾ അലമ്പല്ല ഇമ്പമായിരുന്നു മാവേലിനാട്ടിലെ കുടുംബ സങ്കല്പം !
അച്ഛനും അമ്മയും മക്കളും ഒന്നിച്ചിരുന്ന് ത്രിസന്ധ്യക്കു വിളക്കു വെച്ചു ദീപാരാധന തൊഴുന്നതും അച്ചായമ്മാരുടെ വീടുകളിൽ അത്താഴ പ്രാർത്ഥന പതിവായിരുന്നതും ദൈവത്തെ പ്രീതിപ്പെടുത്താൻ മാത്രമായിരുന്നില്ല.
പിള്ളേരെല്ലാം അന്തിക്കൂരാപ്പിനു മുമ്പ് വീട്ടിൽക്കയറിയോന്ന് ഹാജരെടുക്കാൻ കൂടിയായിരുന്നു.
അച്ഛനുമമ്മയും ശാസിച്ചും ശിക്ഷിച്ചും സ്നേഹിച്ചും വളർത്തിയ എത്രയോ തലമുറകളുടെ നാട്ടു പാരമ്പര്യം അറിഞ്ഞും അനുഭവിച്ചും പതംവന്ന ഒരു കാലം.
മക്കളും മാതാപിതാക്കളും കൂടപ്പിറപ്പുകളും തമ്മിൽ ഹൃദയങ്ങൾ കോർത്തൊരു നല്ല കാലം.
എന്നോ എവിടെയോ നമുക്ക് കൈവിട്ടു പോയോരു കമനീയ സ്വപ്നം.
ആ കൈവിടലായിരുന്നു നമ്മുടെ പതനം.
നമുക്ക് നമ്മുടെ മക്കളെ അന്യരാക്കിയ പതനം.
നമ്മൾ അവരെയും അവർ നമ്മളെയും അറിയാതെയായിട്ട് കാലമിത്തിരിയായി.
തിരക്കിന്റെ പേരിലും അമിത സ്നേഹത്തിന്റെ പേരിലും നമ്മൾ നമ്മുടെ മക്കളെ മനസ്സറിഞ്ഞു വളർത്താതെയായി.
ആ ഗ്യാപ്പിലാണ് ഈ കാലനൊക്കെ ഇടിച്ചു കയറിയത്.
പണ്ട് മഹാഭാരതത്തിൽ ഒരു അന്ധനുണ്ടിയിരുന്നു
ധൃതരാഷ്ട്രർ.
അയാളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെട്ടിക്കേറി വന്ന പെണ്ണ് ഗാന്ധാരിയും ഒരു കൈലേസെടുത്ത് കണ്ണു മൂടിക്കെട്ടി.
ഫലം, അവർക്കുണ്ടായ 101 മക്കളും ഗുണം പിടിക്കാതെ പോയി.
101 ൽ ഒന്ന് പെണ്ണായിരുന്നു.
ദുശ്ശള.
അവളെ കെട്ടിയ ജയദ്ദ്രതൻ പോലും അളിയന്മാരുടെ വാക്ക് കേട്ട് ആർക്കും ഉതകാതെ പോയി.
അന്ധനായ അച്ഛനും സ്വയം അന്ധത വരിച്ച അമ്മയ്ക്കുമിടയിൽ ജീവിതം നശിച്ചു പോയ മക്കളുടെ കഥയും കാലാതീതമായ മുന്നറിയിപ്പും കൂടിയല്ലേ ശരിക്കും മഹാഭാരതം…?
ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും പോലെയാണ് നമ്മളിൽ പലരും.
പുത്രസ്നേഹത്തിന്റെ അന്ധതയിൽ നമ്മൾ പലപ്പോഴും മക്കളെ വേണ്ടവിധം കാണില്ല.
അവരെ കേൾക്കില്ല.
തിരിച്ചറിയില്ല.
കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിന് തൊട്ടു മുമ്പ് ധൃതരാഷ്ട്രർ തന്റെ ആത്മമിത്രം സഞ്ജയനെ വിളിച്ചു ചോദിക്കുന്നുണ്ട്:
“അല്ലെയോ സഞ്ജയാ, അവിടെ കുരുക്ഷേത്ര ഭൂമിയിൽ എന്റെ മക്കൾക്കും പാണ്ഡവർക്കുമിടയിൽ എന്താണ് സംഭവിക്കുന്നത്?”എന്ന്.
എല്ലാം കാണാൻ കഴിവുള്ള സഞ്ജയൻ എന്ന ഭാരതത്തിലെ ആദ്യ ലൈവ് കമന്റേറ്റർ യുദ്ധഭൂമിയിലെ കാഴ്ചകൾ ഓരോന്നും ചൂടാറാതെ ധൃതരാഷ്ട്രർക്കു വേണ്ടി വിവരിച്ചു.
എന്നാൽ യുദ്ധം തുടങ്ങും മുമ്പ് ‘അല്ലെയോ സഞ്ജയാ,
ഇവിടെ ഈ കൊട്ടാരക്കെട്ടിൽ എന്റെ മക്കൾക്കും എനിക്കുമിടയിൽ എന്താണ് സംഭവിക്കുന്നത് ?’ എന്ന് ധൃതരാഷ്ട്രർ ഒരിക്കലെങ്കിലും ചോദിച്ചിരുന്നെങ്കിൽ ഈ യുദ്ധം പോലും ഒരുപക്ഷേ ഉണ്ടാകുമായിരുന്നില്ല…!
നമുക്കും നമ്മുടെ മക്കൾക്കുമിടയിൽ എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ ചോദിക്കാറുണ്ടോ ?
അവനെ അല്ലെങ്കിൽ അവളെ അടുത്തു വിളിച്ചിരുത്തി ഹൃദയത്തിൻ തൊട്ട് ‘നിന്റെ മനസ്സിൽ എന്താണു കുഞ്ഞേ…’ എന്ന് അന്വേഷിക്കാറുണ്ടോ…?
എവിടെ ആർക്കാണു പിഴച്ചത് ?
കുറ്റവിളിയെ തേടിയുള്ള എല്ലാ അന്വേഷണങ്ങളും ഒടുവിൽ നമ്മളിൽ എത്തിച്ചേരും.
പ്രായപൂർത്തിയായ രണ്ടു കുട്ടികളുടെ അച്ഛനാണ് ഞാൻ.
ആ അവകാശവും അനുഭവവും വെച്ചു പറയുന്നു.
കാലം പഴയതു പോലെ അല്ല.
ബന്ധങ്ങളും ആഴങ്ങളും അന്യംനിന്നു കൊണ്ടേയിരിക്കുന്നു.
അതിനിടയിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ധൃതരാഷ്ട്രരും ഗാന്ധാരിയും കൂടി ആയാലോ ?
ഇനിയൊരു മഹാഭാരതത്തിന് ഇവിടെ സ്ക്കോപ്പ് ഇല്ല.
ജാഗ്രതൈ…!