NEWSWorld

ഭാര്യയും ഭർത്താവും ദുരന്തമധ്യത്തിൽ, ഭാര്യ യുക്രൈനിൽ ബങ്കറിൽ; ഭർത്താവ് യെമനിൽ തടങ്കലിൽ, രണ്ടു യുദ്ധങ്ങൾക്കു നടുവിൽ നാളുകളെണ്ണി കഴിയുന്ന കായംകുളംകാരായ ദമ്പതിമാർ

കായംകുളം: രണ്ടു യുദ്ധങ്ങൾ സമ്മാനിച്ച ദുരന്ത കഥയാണ് ആ കുടുംബത്തിന് പറയാനുള്ളത്. ഒന്ന് യെമനിൽ, മറ്റൊന്ന് യുക്രൈനിലും.

ആവൂർ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതർ ബന്ദിയാക്കിയിരിക്കുകയാണ്. ആ ദുഃഖത്തിൽ വിലപിച്ചു കൊണ്ടിരുന്ന കുടുംബം ഇന്നലെ കേട്ടത് മറ്റൊരു വാർത്തയാണ്. കീവിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ അഖിലിന്റെ ഭാര്യ ജിതിന, യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് ബങ്കറിൽ അഭയം തേടിയിരിക്കുന്നു എന്ന്.

Signature-ad

ജിതിന കീവ് മെഡിക്കൽ സർവകലാശാലയിൽ അവസാനവർഷ അണ്ടർഗ്രാജ്വേറ്റ് വിദ്യാർത്ഥിനിയാണ്. റഷ്യൻ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാർത്ഥികൾ സ്വയരക്ഷയ്ക്കായി ബങ്കറുകളിൽ അഭയം പ്രാപിച്ചത്. കായങ്കുളം രാമപുരം സ്വദേശിനിയായ ജിതിന കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് അഖിലിനെ വിവാഹം കഴിച്ചത്.

യു.എ.ഇയിലെ ലിവാമറൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലിൽ ജീവനക്കാരനാണ് അഖിൽ രഘു. ചെങ്കടലിൽ വെച്ച്‌ കഴിഞ്ഞ ഡിസംബർ 31 നാണ് ഹൂതി വിമതർ കപ്പൽ റാഞ്ചുന്നത്.
അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതർ ബന്ദിക്കളാക്കി വെച്ചിരിക്കുകയാണ് എന്ന് അഖിലിന്റെ സഹോദരൻ രാഹുൽ പറഞ്ഞു.

കപ്പലിൽ 14 ജീവനക്കാരാണ് ഉള്ളത്. ഇതിൽ ആറുപേർ ഇന്ത്യാക്കാരാണ്. അഖിൽ സുരക്ഷിതനാണെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി ബന്ദികളാക്കപ്പെട്ട ഇവരെ മോചിപ്പിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് രാഹുൽ പറഞ്ഞു. അഖിലിന്റെ മോചനത്തിനായി കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർക്കെല്ലാം നിവേദനങ്ങൾ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ ഒരു നടപടിയുമുണ്ടായില്ല.

യെമൻ തീരത്തിന് 50 കിലോമീറ്റർ അകലെ തുറമുഖനഗരമായ ഹോദേയ്ദാഗിൽ വെച്ചാണ് കപ്പൽ ഹൂതി വിമതർ പിടിച്ചെടുക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള ആശുപത്രി ഉപകരണങ്ങളാണ് കപ്പലിലുള്ളത്. എന്നാൽ ഹൂതികളെ നേരിടുന്നതിനായുള്ള സൈനിക ആയുധങ്ങളാണ് കപ്പലിലുള്ളതെന്നാണ് ഹൂതി വിമതർ പറയുന്നത്.

Back to top button
error: