KeralaNEWS

മോഷ്ടാക്കൾ മർദ്ദിച്ച് അവശയാക്കി വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല കവര്‍ന്നു, ഒടുവിൽ മാല മുക്കുപണ്ടം

ത്തനംതിട്ട: വീട്ടമ്മയെ അതിക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചാണ് മോഷ്ടാക്കൾ അവരുടെ കഴുത്തില്‍ കിടക്കുന്ന മാല കവർന്നത്. പക്ഷേ അത് മുക്കുപണ്ടമാണെന്ന് കള്ളന്മാർ തിരിച്ചറിഞ്ഞത് പിന്നീടാണ്. പത്തനംതിട്ട ജില്ലയിലെ കോയിപ്രത്താണ് സംഭവം. മോഷ്ടാക്കളിൽ ഒരാള്‍ അറസ്റ്റിലായി.

രണ്ടാം പ്രതി തമിഴ്‌നാട് കന്യാകുമാരി കാരന്‍കാട് പുല്ലുവിള പേരൂര്‍ച്ചാല്‍ വടക്കിനേത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുത്തുലിംഗമാണ് പിടിയിലായത്. കൂട്ടുപ്രതി തമിഴ്‌നാട് കന്യാകുമാരി പൊട്ടാല്‍ക്കുഴി കല്‍ക്കുളം പ്രദീബന്‍ ചിദംബരത്തിനായി അന്വേഷണം വ്യാപിപ്പിച്ചു. സ്വര്‍ണമെന്ന് കരുതിയാണ് മാല പൊട്ടിച്ചത്. പക്ഷേ മുക്കുപണ്ടം ആയിരുന്നു.

Signature-ad

മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും ബൈക്കും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലിന് കോയിപ്രം പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പേരൂര്‍ച്ചാല്‍ വടക്കിനേത്ത് കെ.പി രമണിയമ്മയെയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്പിച്ച ശേഷം മാല കവര്‍ന്നത്. രമണിയമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും പുറത്തിടിക്കുകയും ചെയ്തു. കഴുത്തിലെ മാല പറിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ ഒന്നാം പ്രതി കൈകൊണ്ട് മുഖത്തിടിച്ച് ഒരു പല്ലൊടിക്കുകയും ചെയ്തു. പിന്നീട് മാല മോഷ്ടിച്ച ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.

പിറ്റേന്ന് രാവിലെ രമണിയമ്മ കോയിപ്രം സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകള്‍ക്കകം രണ്ടാം പ്രതിയെ പേരൂച്ചാലില്‍ നിന്നും കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത പോലീസ് ഇയാളുടെയും സുഹൃത്തിന്റെയും ഉപയോഗത്തിലുള്ള ഓരോ ഫോണുകള്‍ കണ്ടെടുത്തു. ഫോണുകള്‍ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.

കവര്‍ച്ച നടന്ന വീട്ടില്‍ നിന്നും പോലീസ് രണ്ടാം പ്രതി ധരിച്ച കൈലി, ചെരുപ്പ്, കൃത്യസ്ഥലത്തിന് സമീപം കാണപ്പെട്ട തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള മോട്ടോര്‍ ബൈക്ക് എന്നിവ കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: