India

വാണിജ്യ ആവശ്യത്തിനായി ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നയാളെ ഉപഭോക്താവ് ആയി കണക്കാക്കാനാവില്ലെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനായി ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നയാളെ ഉപഭോക്താവ് ആയി കണക്കാക്കാനാവില്ലെന്നു സുപ്രീം കോടതി. ഉപഭോക്തൃനിയമ പ്രകാരം നിര്‍വചിച്ചിട്ടുള്ള ഉപഭോക്താവിന്റെ പരിധിയില്‍ ഇവര്‍ വരില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താവ് ആവണമെങ്കില്‍ സേവനം ഉപജീവനത്തിനു വേണ്ടിയാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 2002ലെ ഭേദഗതി ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. വാണിജ്യ ആവശ്യത്തിനുള്ള ഇടപാടുകളെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധിചോദ്യം ചെയ്ത് ശ്രീകാന്ത് ജി മന്ത്രി ഘര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. സ്റ്റോക്ക് ബ്രോക്കര്‍ ആയ ശ്രീകാന്ത് പഞ്ചാബ് നാഷനല്‍ ബാങ്കിനെതിരെയാണ് പരാതി നല്‍കിയത്. ശ്രീകാന്തിനെ ഉപഭോക്താവ് ആയി കാണാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഫോറം പരാതി തള്ളുകയായിരുന്നു.

പരാതിക്കാരനും എതിര്‍കക്ഷിയും തമ്മിലുള്ള ഇടപാട് തികച്ചും വാണിജ്യ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നെന്ന് കോടതി വിലയിരുത്തി. ബിസിനസ് ഇടപാടുകളും ഉപഭോക്തൃ തര്‍ക്കത്തിന്റെ പരിധിയില്‍ വരുമെന്ന വാദം അംഗീകരിക്കാനാവില്ല. ഉപഭോക്തൃ തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫോറങ്ങള്‍ രൂപീകരിച്ചിരിക്കുന്നതെന്നു കോടതി പറഞ്ഞു.

 

Back to top button
error: