NEWS

റഷ്യ-ഉക്രെയിന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് ക്രിപ്‌റ്റോ കറന്‍സികളും

മുംബൈ: റഷ്യ-ഉക്രെയിന്‍ സംഘര്‍ഷത്തില്‍ വലഞ്ഞ് ലോകമെമ്പാടുമുള്ള വിപണികളോടൊപ്പം ക്രിപ്‌റ്റോ കറന്‍സികളും. ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഒരിടവേളയ്ക്കു ശേഷം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നു. ഫെബ്രുവരി മൂന്നിനു ശേഷം വിലയില്‍ 6 ശതമാനം ഇടിവോടെ ബിറ്റ്‌കോയിന്‍ 36,673 ഡോളറിലെത്തി. ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്‌റ്റോ കറന്‍സിയായ എഥേറിയം 7 ശതമാനത്തിലധികം ഇടിഞ്ഞ് 2,519 ഡോളറായി.

ജനുവരി 31 ശേഷം ഇതാദ്യമായാണ് ഇത്ര കുറഞ്ഞ മൂല്യത്തിലേക്ക് എഥേറിയം എത്തുന്നത്. മറ്റു ക്രിപ്‌റ്റോ കറന്‍സികളുടെയും മൂല്യത്തില്‍ ഇടിവു തന്നെയാണ് കാണിക്കുന്നത്. എക്‌സ്ആര്‍പി 14 ശതമാനവും സോളാന 12.91 ശതമാനവും ടെറ 3.38 ശതമാനവും കാര്‍ഡാനോ 14.13 ശതമാനവും അവലാഞ്ച് 15.91 ശതമാനവും സ്റ്റെല്ലാര്‍ 12.13 ശതമാനവും ഇടിഞ്ഞു.

മറ്റ് നാണയങ്ങളായ പോള്‍ക്കഡോട്ട് 8 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ ഡോഗെകോയിന്‍ 10 ശതമാനമാനമാണ് കുറഞ്ഞത്. ഷിബ ഇനു, പോളിഗോണ്‍ എന്നിവ 13 ശതമാനം ഇടിവു രേഖപ്പെടുത്തി. ആഗോള ക്രിപ്‌റ്റോ കറന്‍സി മാര്‍ക്കറ്റ് 7 ശതമാനത്തോളം താഴേക്ക് പോയപ്പോള്‍ വിനിമയത്തില്‍ 45 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

 

Back to top button
error: